കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ സി.ജെ.പി. (CJP) സംഘടിപ്പിക്കാനിരുന്ന സമാധാനപരമായ റാലിക്ക് ദ്വീപ് ഭരണകൂടം അനുമതി നിഷേധിച്ചു. അഡ്മിനിസ്ട്രേഷൻ സി.ജെ.പി.യെ ഭയന്നു തുടങ്ങിയെന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് ഭരണകൂടത്തിന്റെ നടപടിയോട് പ്രതികരിച്ചുകൊണ്ട് സി.ജെ.പി. ഭാരവാഹികൾ വ്യക്തമാക്കി.
ഈ മാസം രണ്ടാം തീയതി മുംബൈയിൽ നടക്കുന്ന സി.ജെ.പി.യുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ‘സേവ് ലക്ഷദ്വീപ് 02’ (Save Lakshadweep 02) എന്ന ആവശ്യമുയർത്തിക്കൊണ്ടുമാണ് സമാധാനപരമായ സമര പരിപാടികൾ പ്രഖ്യാപിച്ചിരുന്നത്. എല്ലാവിധ വിഭാഗീയതകളും മറന്ന് ലക്ഷദ്വീപ് ജനത ഒന്നാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ബൈക്ക് റാലിയും മനുഷ്യച്ചങ്ങലയുമായിരുന്നു സി.ജെ.പി. ലക്ഷദ്വീപ് ഘടകം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.
