ലക്ഷദ്വീപിൽ വിൽപ്പനയ്ക്കായി നിരോധിത ലഹരി ഉൽപ്പന്നങ്ങൾ; ബോട്ട് പിടിയിൽ

കൊച്ചി: വൈപ്പിനിൽ നിന്ന് ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലേക്ക് കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നമായ 555 പാക്കറ്റ് ഹാൻസും, രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പിടികൂടി. ലക്ഷദ്വീപിലേക്ക് പോകുകയായിരുന്ന മത്സ്യബന്ധന ബോട്ട് കോസ്റ്റ് ഗാർഡ് കടലിൽ വച്ച് പിടികൂടുകയായിരുന്നു.

പരിശോധനയിൽ 15 പാക്കറ്റ് ഹാൻസ് വീതമുള്ള 37 ബണ്ടിലുകളിലായി 555 പാക്കറ്റ് ഹാൻസ് കണ്ടെത്തി. കൂടാതെ വിവിധയിനം മദ്യക്കുപ്പികളും ബോട്ടിൽ നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾക്ക് ആവശ്യമായ രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു. ലക്ഷദ്വീപിൽ നിന്ന് മത്സ്യബന്ധനത്തിനായി കൊച്ചിയിലെത്തിയ ശേഷം മടങ്ങുകയായിരുന്ന ബോട്ടിലാണ് നിരോധിത ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

ബോട്ടിന്റെ നീക്കങ്ങൾ നിരീക്ഷിച്ച കോസ്റ്റ് ഗാർഡ് സംഘം കടലിൽ വച്ച് പരിശോധന നടത്തുകയും തുടർന്ന് ബോട്ട് പിടിച്ചെടുക്കുകയുമായിരുന്നു. പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *