പുതിയ ടൗൺ ആൻഡ് കൺട്രി പ്ലാനിങ് റഗുലേഷൻ ദ്വീപുകളുടെ പരമ്പരാഗത ജീവിതരീതിക്കും ജന്മനാടിന്റെ നിലനിൽപ്പിനും ഭാവിതലമുറയുടെ അവകാശങ്ങൾക്കും ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി NYC Lakshadweep ‘ഡോർ ടു ഡോർ’ ക്യാമ്പയിൻ ആരംഭിക്കുന്നു.
ചെറിയ ദ്വീപുകളുടെ ഭൂപ്രകൃതിക്കും സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങൾക്കും അനുയോജ്യമല്ലാത്ത രീതിയിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നാണ് NYC Lakshadweep ഉന്നയിക്കുന്ന പ്രധാന ആശങ്ക. പുതിയ നിയമത്തെക്കുറിച്ച് സാധാരണ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും അതുമായി ബന്ധപ്പെട്ട ആശയങ്ങളും അഭിപ്രായങ്ങളും നേരിട്ട് കേൾക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് സംഘടന അറിയിച്ചു.
ജനങ്ങളുമായി നേരിട്ട് സംവദിച്ച് പുതിയ ടൗൺ ആൻഡ് കൺട്രി പ്ലാനിങ് റഗുലേഷന്റെ വിവിധ വശങ്ങൾ വിശദീകരിക്കുകയും അവരുടെ ആശങ്കകളും നിർദേശങ്ങളും ശേഖരിക്കുകയും ചെയ്യുന്നതിനാണ് ‘ഡോർ ടു ഡോർ’ പ്രവർത്തനം സംഘടിപ്പിക്കുന്നത്.
ദ്വീപുകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പരമ്പരാഗത ജീവിതരീതിയും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും NYC Lakshadweep മുന്നോട്ടുവയ്ക്കുന്നു.
