കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഉത്തരങ്ങളും സർക്കുലറുകളും ഭരണപരമായ തീരുമാനങ്ങളും ഒരുമിച്ച് വായിക്കേണ്ടതുണ്ട്. നിർമാണ നിയന്ത്രണം, വൈദ്യുതി, ടൗൺ പ്ലാനിങ്, സർക്കാർ ജീവനക്കാരുടെ പുനഃക്രമീകരണം, വ്യാപാരത്തിലെ പുതിയ നടപടിക്രമങ്ങൾ, ടൂറിസം, സീ-പ്ലെയിൻ പദ്ധതി തുടങ്ങി ജനജീവിതത്തിന്റെ വിവിധ മേഖലകളെ സ്പർശിക്കുന്ന തീരുമാനങ്ങളാണ് ഈ മാസം ഉണ്ടായത്. ഒറ്റനോട്ടത്തിൽ ഇവ ഓരോന്നും വ്യത്യസ്ത ഭരണനടപടികളാണ്. എന്നാൽ അവയെല്ലാം ചേർന്ന് ഉയർത്തുന്ന ചോദ്യം ഒന്നാണ്: ഭരണപരമായ മാറ്റങ്ങളുടെ കേന്ദ്രത്തിൽ ജനജീവിതത്തിനുള്ള സ്ഥാനം എത്രയാണ്?
അഗത്തിയിലും കവരത്തിയിലും നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വലിയ ചർച്ചകൾക്ക് വഴിവെച്ചു. സ്റ്റോപ്പ് മെമ്മോ, പൊളിക്കൽ നടപടി, വൈദ്യുതി കണക്ഷൻ, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിൽ ഉയർന്ന തർക്കങ്ങൾ ഭരണനടപടികളിൽ വ്യക്തതയും രേഖാമൂലമുള്ള ഉത്തരവാദിത്തവും എത്ര പ്രധാനമാണെന്ന് ഓർമ്മിപ്പിക്കുന്നു. നിയമവിരുദ്ധ നിർമാണങ്ങൾക്കെതിരെ നടപടി വേണം. എന്നാൽ നിയമം നടപ്പാക്കുന്ന രീതിയും നിയമത്തിന്റെ ഭാഗമാണ്. ബാധിക്കപ്പെടുന്നവർക്ക് എന്താണ് കുറ്റം, എന്താണ് നടപടി, എന്താണ് പരിഹാരമാർഗം എന്നിവ വ്യക്തമായി അറിയാൻ കഴിയണം. ഇതിനൊപ്പം പുതിയ ടൗൺ പ്ലാനിങ് ചട്ടങ്ങളുടെ കരട് പ്രസിദ്ധീകരിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ചിരിക്കുകയാണ്. ഭൂമി പരിമിതമായ ലക്ഷദ്വീപിൽ ശാസ്ത്രീയമായ ആസൂത്രണം അനിവാര്യമാണ്. എന്നാൽ ഇത്തരം ചട്ടങ്ങൾ ദ്വീപുകാരുടെ വീടിനെയും ഭൂമിയെയും ചെറുകിട വ്യാപാരത്തെയും എങ്ങനെ ബാധിക്കും എന്നതിൽ കൂടുതൽ വ്യക്തതയും പൊതുസംവാദവും ആവശ്യമാണ്.
ഭരണപരിഷ്കാരത്തിന്റെ ഭാഗമായി വകുപ്പുകൾ ലയിപ്പിക്കുകയും ജീവനക്കാരെ പുനർവിന്യസിക്കുകയും ചില പ്രവർത്തനങ്ങൾ കവരത്തിയിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്ന തീരുമാനങ്ങളും ഈ മാസം ഉണ്ടായി. ഭരണസംവിധാനം കാര്യക്ഷമമാക്കുക എന്നത് ലക്ഷ്യമാകാം. പക്ഷേ കവരത്തിയിലെ ഭരണകേന്ദ്രം ശക്തമാകുമ്പോൾ പുറംദ്വീപുകളിലെ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ അകലത്തിലാകരുത്.ഫിഷർമെൻ ട്രെയിനിങ് സെന്റർ അടച്ചുപൂട്ടാനുള്ള തീരുമാനവും ഇതേ പശ്ചാത്തലത്തിൽ കാണണം. മത്സ്യബന്ധനം ലക്ഷദ്വീപിന്റെ പരമ്പരാഗത ഉപജീവനമേഖലയായിരിക്കെ, പരിശീലനത്തിനുള്ള പകരം സംവിധാനമെന്താണെന്ന ചോദ്യം സ്വാഭാവികമാണ്. വൈദ്യുതി ഉപയോഗ നിയന്ത്രണവും വാണിജ്യ കണക്ഷനുകൾക്ക് റൂഫ്‌ടോപ്പ് സോളാർ നിർബന്ധമാക്കുന്നതും പരിസ്ഥിതി സൗഹൃദ ഊർജത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് കാണുന്നത്. എന്നാൽ ചെറിയ വ്യാപാരികൾക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും പ്രായോഗിക ബുദ്ധിമുട്ടുകളും പരിഗണിക്കപ്പെടണം. അതുപോലെ E-way Bill ഉൾപ്പെടെയുള്ള വ്യാപാരനിയമങ്ങൾ കർശനമാക്കുമ്പോൾ, വൻകരയിൽ നിന്ന് കടൽമാർഗം ചരക്കുകൾ എത്തിക്കുന്ന ദ്വീപുകളുടെ പ്രത്യേക സാഹചര്യവും കണക്കിലെടുക്കേണ്ടതാണ്. ഇവയെല്ലാം ചേർന്ന് പറയുന്നത് വികസനത്തിന് എതിരായ നിലപാട് അല്ല. മറിച്ച് വികസനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള ഒരു അടിസ്ഥാന ചോദ്യമാണ്.
ലക്ഷദ്വീപിന് മികച്ച ടൗൺ പ്ലാനിങ് വേണം.
വൈദ്യുതി സംരക്ഷണം വേണം.
നിയമാനുസൃത നിർമാണം വേണം.
കാര്യക്ഷമമായ ഭരണസംവിധാനം വേണം.
ടൂറിസവും പുതിയ ഗതാഗത സംവിധാനങ്ങളും വേണം.പക്ഷേ ഇവയെല്ലാം ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്നതായിരിക്കണം.
ജനങ്ങളുടെ ശബ്ദത്തിന് എത്ര ഇടമുണ്ട്?
ഇവിടെയാണ് മറ്റൊരു പ്രധാന ചോദ്യം ഉയരുന്നത്. വിവിധ പദ്ധതികളും ഉത്തരവുകളും നടപ്പിലാക്കുമ്പോൾ അവ ബാധിക്കുന്ന ജനങ്ങളുടെ താൽപ്പര്യങ്ങളും ആശങ്കകളും എത്രത്തോളം പരിഗണിക്കപ്പെടുന്നു?പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിക്കുന്ന നടപടികൾ ഉണ്ടാകുമ്പോൾ, അത് ഒരു ഔപചാരിക നടപടിയായി മാത്രം മാറാതെ ലഭിക്കുന്ന നിർദ്ദേശങ്ങൾ യഥാർത്ഥത്തിൽ പരിഗണിക്കപ്പെടുന്നുണ്ടോ എന്നതും പ്രധാനമാണ്. അഭിപ്രായം ചോദിക്കുക എന്നതും അഭിപ്രായത്തിന് പ്രാധാന്യം നൽകുക എന്നതും ഒരേ കാര്യമല്ല.
ലക്ഷദ്വീപിന്റെ പ്രത്യേക ഭരണഘടനാപരവും ഭൂമിശാസ്ത്രപരവുമായ സാഹചര്യത്തിൽ ഈ ചോദ്യം കൂടുതൽ പ്രസക്തമാണ്. മറ്റ് പല പ്രദേശങ്ങളിലുമുള്ളതുപോലെ ശക്തമായ പ്രാദേശിക ഭരണസംവിധാനങ്ങളിലൂടെയും രാഷ്ട്രീയ ഇടപെടലുകളിലൂടെയും ജനങ്ങളുടെ അഭിപ്രായങ്ങൾ ഭരണകൂടത്തിലെത്തുന്ന സാഹചര്യം ഇവിടെ പരിമിതമാണ്. അതിനാൽ ലഭ്യമായ ജനപ്രതിനിധിത്വ സംവിധാനങ്ങളോടും പൊതുസമൂഹത്തോടും ഭരണകൂടം കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്തേണ്ടതിന്റെ ആവശ്യകത ഉയരുന്നു. രാഷ്ട്രീയ പാർട്ടികളെയോ മറ്റ് ജനപ്രതിനിധികളെയോ കേൾക്കാത്ത അവസ്ഥയാണ്; ഇവിടെ ആകെയുള്ളത് തിരഞ്ഞെടുക്കപ്പെട്ട ഒരു ലോകസഭാംഗം മാത്രമാണ്. ആ ലോകസഭാംഗത്തോട് പോലും കാര്യങ്ങൾ ബോധിപ്പിക്കാനോ അഭിപ്രായം ആരായുവാനോ ശ്രമിക്കുന്നില്ല. ഇന്ത്യയിൽ മറ്റിടങ്ങളിലുള്ളതുപോലെ പ്രാദേശിക ഭരണസഭാ(പഞ്ചായത്ത് സംവിധാനം) ഇപ്പൊൾ ഇവിടെ നിലവിലില്ല.
ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ലോക്സഭാംഗം ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ ആവശ്യമായ ആശയവിനിമയവും അഭിപ്രായ രൂപീകരണവും നടക്കേണ്ടതുണ്ട്. ജനങ്ങളുടെ പ്രതിനിധികളോട് കാര്യങ്ങൾ വിശദീകരിക്കുകയും അവരുടെ അഭിപ്രായങ്ങൾ അറിയുകയും ചെയ്യുന്നത് ജനാധിപത്യ ഭരണത്തിന്റെ സ്വാഭാവിക ഭാഗമാണ്. അതുപോലെ തന്നെ, ദ്വീപുകളിലെ ജനങ്ങൾക്ക് നേരിട്ട് തങ്ങളുടെ അഭിപ്രായങ്ങളും പരാതികളും നിർദ്ദേശങ്ങളും അറിയിക്കാനുള്ള സംവിധാനങ്ങളും കൂടുതൽ ശക്തമാകേണ്ടതുണ്ട്.ഒ
രു ഉത്തരവ് ഇറക്കുക എന്നത് ഭരണത്തിന്റെ ഒരു ഭാഗം മാത്രമാണ്. അതിന്റെ കാരണം ജനങ്ങളോട് വിശദീകരിക്കുക, ബാധിക്കപ്പെടുന്നവരുടെ ആശങ്കകൾ കേൾക്കുക, ലഭിക്കുന്ന നിർദ്ദേശങ്ങൾ പരിശോധിക്കുക, സാധ്യമാകുന്നിടത്ത് തിരുത്തലുകൾ വരുത്തുക — ഇതും നല്ല ഭരണത്തിന്റെ ഭാഗമാണ്.പ്രത്യേകിച്ച് ഭൂമി, വീട്, ഉപജീവനം, വൈദ്യുതി, ഗതാഗതം, വ്യാപാരം തുടങ്ങിയ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം കൂടുതൽ പ്രസക്തമാണ്. ഭരണകൂടം ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ അതിന്റെ നിയമപരമായ അടിത്തറയും ജനങ്ങളിലുണ്ടാകുന്ന പ്രത്യാഘാതവും ഒരുപോലെ വ്യക്തമാക്കണം. ജനങ്ങളുടെ അഭിപ്രായം തേടുന്നിടത്ത് അത് കേൾക്കുകയും വേണം. ഒരു സാധാരണ ദ്വീപുകാരന് സർക്കാർ സേവനം എത്ര എളുപ്പത്തിൽ ലഭിക്കുന്നു? തന്റെ ഭൂമിയും ഉപജീവനവും എത്രമാത്രം സുരക്ഷിതമാണ്? ഒരു പുതിയ നിയമം വന്നാൽ അതിന്റെ കാരണം എന്താണെന്ന് അയാൾക്ക് മനസ്സിലാകുന്നുണ്ടോ? തന്റെ അഭിപ്രായം പറയാൻ ഫലപ്രദമായ വേദിയുണ്ടോ? പറഞ്ഞ അഭിപ്രായത്തിന് എന്ത് സംഭവിച്ചുവെന്ന് അറിയാൻ കഴിയുന്നുണ്ടോ?ഇവിടെയാണ് ഭരണത്തിന്റെ യഥാർത്ഥ ജനസൗഹൃദം അളക്കേണ്ടത്.
വികസനവും ഭരണപരിഷ്കാരവും ആവശ്യമാണ്. എന്നാൽ അവയുടെ വിജയത്തിന്റെ അളവുകോൽ ഉത്തരവുകളുടെ എണ്ണമല്ല; അവ നടപ്പിലാകുമ്പോൾ ജനങ്ങളുടെ ജീവിതം എത്രത്തോളം മെച്ചപ്പെടുന്നു, അവരുടെ അവകാശങ്ങളും ഉപജീവനവും എത്രത്തോളം സംരക്ഷിക്കപ്പെടുന്നു, തീരുമാനങ്ങളിലെ ജനപങ്കാളിത്തം എത്രത്തോളം ഉറപ്പാക്കപ്പെടുന്നു എന്നതാണ്. ലക്ഷദ്വീപിന്റെ ഭാവി സംബന്ധിച്ച തീരുമാനങ്ങൾ ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതവുമായി ചേർന്നുനിൽക്കണമെങ്കിൽ, ജനങ്ങളെ കേൾക്കുന്ന ഭരണവും ജനങ്ങളോട് ആശയവിനിമയം നടത്തുന്ന ഭരണവും ജനങ്ങളുടെ ആശങ്കകൾക്ക് മറുപടി നൽകുന്ന ഭരണവും അതിനൊപ്പം ഉണ്ടാകണം.
