കിൽത്താൻ – കിളുത്തനിലെ തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന അശ്ശൈഖ് അഹ്മദ് നഖ്ശബന്ദിയുടെ 149-ാമത് ആണ്ട് നേർച്ചക്ക് ഇന്ന് തുടക്കം കുറിക്കുന്നു. വിപുലമായ പരിപാടികളാണ് ഇതിനോടനുബന്ധിച്ച് നടക്കാൻ പോകുന്നത്. കിൽത്താൻ ദ്വീപിലെ കവരോരപ്പള്ളി , പുതിയ പള്ളി എന്നിവിടങ്ങളിൽ ഇന്ന് സുബ്ഹി നിസ്കാരാനന്തരം ഖത്തമുൽ ഖൂർആനോടെ നേർച്ചക്ക് തുടക്കം കുറിക്കും. ഉച്ചക്ക് വിപുലമായ ചീരണി വിതരണവും ഉണ്ടാകും. രാത്രി മൗലൂദ് പാരായണവും അതിനിടയിലെ നേർച്ച നേരലും നടക്കും. അർദ്ധരാത്രിയോടെ രണ്ടാമത്തെ ചീരണി വിതരണവും നടക്കും. ഇന്ന് മുതൽ ഒരു മാസക്കാലം നഖ്ശബന്ദി തങ്ങളെക്കുറിച്ചുള്ള ഹഖീഖത്ത് മാല എന്ന നേർച്ചപ്പാട്ട് പല വീടുകളിലുമായി പാടുകയും ചെയ്യും. ദ്വീപിലെ ജനങ്ങൾ വളരെ ഭയഭക്തിയോടെയാണ് നേർച്ചയിൽ പങ്കുകൊള്ളുന്നത് ഹി 1299 റബീഉൽ ആഖിർ 12 ന് അമിനി ദ്വീപിലാണ് ശൈഖവർകൾ മരണമടഞ്ഞത്. അമിനി ജുമാ മസ്ജിദിൻ്റെ അങ്കണത്തിൽ പണിയിച്ച മഖ്‌ബറയിലാണ് അദ്ദേഹം മറപെട്ടു കിടക്കുന്നത്. അമിനി, കിൽത്താൻ, കടമം ദ്വീപുകളുടെ മത സാമൂഹ്യ സാഹിത്യ രംഗങ്ങളിൽ നിസ്തൂല സംഭാവന നൽകിയ മഹാ മനീഷിയാണ് അശ്ശൈഖ് ഗുലാം മുഹമ്മദ് അഹ്‌മദ് നഖ്ശബന്ദി .
