ന്യൂഡൽഹി: സെപ്റ്റംബർ 28 മുതൽ 30 വരെ രാജ്യവ്യാപകമായി പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സെപ്റ്റംബർ മാസത്തെ ശമ്പളവും പെൻഷനും നേരത്തെ വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലെ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (CGA) സെപ്റ്റംബർ 23ന് ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കി.
കേന്ദ്ര സർക്കാർ ജീവനക്കാർ, പ്രതിരോധ സേനാംഗങ്ങൾ, തപാൽ-ടെലികമ്മ്യൂണിക്കേഷൻ ജീവനക്കാർ എന്നിവരുടേത് ഉൾപ്പെടെയുള്ള സെപ്റ്റംബർ മാസത്തെ ശമ്പളം സെപ്റ്റംബർ 25ന് തന്നെ വിതരണം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ പെൻഷൻകാരുടെ സെപ്റ്റംബർ മാസത്തെ പെൻഷനും സെപ്റ്റംബർ 25ന് ബാങ്കുകൾ/പേയിംഗ് ഏജൻസികൾ വഴി വിതരണം ചെയ്യാം.
ബാങ്ക് പണിമുടക്കിനെ തുടർന്ന് ശമ്പളം, പെൻഷൻ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളിൽ തടസ്സമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് മുൻകൂർ വിതരണം അനുവദിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. മുൻകൂറായി വിതരണം ചെയ്യുന്ന ശമ്പളവും പെൻഷനും അഡ്വാൻസ് പേയ്‌മെന്റായി കണക്കാക്കും. ജീവനക്കാരന്റെ സെപ്റ്റംബർ മാസത്തെ യഥാർത്ഥ ശമ്പളം/പെൻഷൻ കണക്കാക്കിയ ശേഷം ആവശ്യമായ ക്രമീകരണം നടത്തും. ഈ ക്രമീകരണം ഒക്ടോബർ മാസത്തെ ശമ്പളത്തിൽ നിന്ന് നടത്തുമെന്നും ഉത്തരവിൽ പറയുന്നു.
സെപ്റ്റംബർ മാസാവസാനത്തോടെ നടത്തേണ്ട മറ്റ് ശമ്പള, പേയ്‌മെന്റ്, ബാങ്കിംഗ് ഇടപാടുകളും പണിമുടക്കിനെ തുടർന്നുണ്ടാകാവുന്ന തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി മുൻകൂട്ടി പ്രോസസ്സ് ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും അടിയന്തരമായി നിർദേശങ്ങൾ പാലിക്കണമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ ബാങ്കുകളുടെയും പേയിംഗ് ശാഖകളെ ഇതുസംബന്ധിച്ച് അറിയിക്കണമെന്നും മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബർ 28, 29, 30 തീയതികളിൽ ബാങ്കിംഗ് ഇടപാടുകൾ തടസ്സപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണ് കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചിരിക്കുന്നത്.
