കവരത്തി: ലക്ഷദ്വീപിലെ വില്ലേജ് ദ്വീപ് പഞ്ചായത്തുകളുടെ (VDP) കീഴിൽ ജോലി ചെയ്യുന്ന MSE, MTS ജീവനക്കാരുടെ അവധി സംബന്ധിച്ച് പുതിയ നിർദേശവുമായി പഞ്ചായത്ത് ഡയറക്ടറേറ്റ്. ജീവനക്കാർ അവധിക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ അവധി ആരംഭിക്കുന്ന തീയതി മുതൽ ജോലിയിൽ തിരിച്ചെത്തുന്ന തീയതി വരെയുള്ള Leave Plan കൂടി സമർപ്പിക്കണമെന്ന് നിർദേശം നൽകി.
പഞ്ചായത്ത് ഡയറക്ടറേറ്റ് പുറത്തിറക്കിയ E.No.A-20/26/2026-DOP-ODOP/585 നമ്പർ ഓഫീസ് മെമ്മോറാണ്ടത്തിലാണ് നിർദേശം. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ഉൾപ്പെടെയുള്ള പ്രധാന ജോലികൾ നിർവഹിക്കുന്നതിനായി MSE, MTS ജീവനക്കാരെ അടുത്തിടെ വില്ലേജ് ദ്വീപ് പഞ്ചായത്തുകൾക്ക് കീഴിൽ വിന്യസിച്ച സാഹചര്യത്തിലാണ് നിർദേശം.
ജീവനക്കാരുടെ അഭാവം പഞ്ചായത്തിന്റെ സുഗമമായ പ്രവർത്തനത്തെയും ഏൽപ്പിച്ച ജോലികളുടെ സമയബന്ധിതമായ പൂർത്തീകരണത്തെയും ബാധിക്കാതിരിക്കാനാണ് നടപടി. അവധി അപേക്ഷകൾ അംഗീകരിക്കുമ്പോൾ ജീവനക്കാരുടെ ലഭ്യതയും ജോലിഭാരവും പരിഗണിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
അതത് വില്ലേജ് ദ്വീപ് പഞ്ചായത്തുകളിലെ എക്സിക്യൂട്ടീവ് ഓഫീസർമാർ ജീവനക്കാരിൽ നിന്ന് Leave Plan സഹിതമുള്ള അവധി അപേക്ഷകൾ സ്വീകരിക്കുകയും, ജീവനക്കാരുടെ അഭാവം പഞ്ചായത്തിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ ക്രമീകരണങ്ങൾ ഉറപ്പാക്കുകയും വേണം. പഞ്ചായത്ത് ഡയറക്ടർ അവിനാഷ് സിംഗ്, DANICS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
