ലക്ഷദ്വീപ് ഫിഷർമെൻ ട്രെയിനിങ് സെന്റർ പൂട്ടി; ഉത്തരവിറക്കി അഡ്മിനിസ്ട്രേഷൻ

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവന്നിരുന്ന ഫിഷർമെൻ ട്രെയിനിങ് സെന്റർ (FTC) അടച്ചുപൂട്ടി. കേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ പ്രാബല്യത്തിൽ വരുംവിധം അവസാനിപ്പിച്ചുകൊണ്ട് ഫിഷറീസ് ഡയറക്ടർ മുകുന്ദ് വല്ലഭ് ജോഷി (DANICS) ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.

ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരത്തോടെയാണ് ഫിഷർമെൻ ട്രെയിനിങ് സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കേന്ദ്രത്തിൽ നിലവിലുള്ള എല്ലാ ജംഗമ വസ്തുക്കളും പരിശീലന ഉപകരണങ്ങളും ഫർണിച്ചറുകളും മറ്റ് അനുബന്ധ സാമഗ്രികളും കൃത്യമായ ഇൻവെന്ററി പരിശോധനയും കൈമാറ്റ നടപടികളും പൂർത്തിയാക്കിയ ശേഷം കവറത്തി ഗവൺമെന്റ് ഐ.ടി.ഐയിലേക്ക് മാറ്റും.

കേന്ദ്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക രജിസ്റ്ററുകൾ, രേഖകൾ, മറ്റ് സാമഗ്രികൾ എന്നിവ നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച് കണക്കിലെടുത്ത് സുരക്ഷിതമായി കൈകാര്യം ചെയ്യാനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ഫിഷർമെൻ ട്രെയിനിങ് സെന്ററിൽ നിലവിൽ ജോലി ചെയ്തുവരുന്ന ജീവനക്കാരെ ഫിഷറീസ് വകുപ്പിന്റെ മറ്റ് പ്രവർത്തനങ്ങൾക്കായി കവറത്തിയിലെ ഫിഷറീസ് ഡയറക്ടറേറ്റിലേക്ക് താൽക്കാലികമായി പുനർവിന്യസിച്ചിട്ടുണ്ട്. അധികൃതരുടെ തുടർ തീരുമാനപ്രകാരം ഇവരുടെ സേവനം മറ്റ് വകുപ്പുതല പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു.

ബഹുമാനപ്പെട്ട അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസറുടെ 27.08.2026-ലെ നോട്ട് നമ്പർ 12 പ്രകാരമുള്ള അംഗീകാരത്തിന്റെ അടിസ്ഥാനത്തിലാണ് 21.09.2026 തീയതിയിൽ ഫിഷറീസ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഫിഷർമെൻ ട്രെയിനിങ് സെന്റർ അടച്ചുപൂട്ടാനുള്ള തീരുമാനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *