2025 ഓക്ടോബർ 02
നാട്ടിലേക്കുള്ള യാത്രക്കിടയിൽ കപ്പലിൽ വെച്ചാണ് പ്രിയപ്പെട്ട ഫൈസൽ മാസ്റ്ററുടെ വിയോഗവാർത്ത കേട്ടത്. ഉള്ളിൽ ഉരുണ്ട് കൂടിയ കാർമേഘം കണ്ണീർ തുള്ളികളായി പെയ്തിറങ്ങിയ പ്രഭാതം. മാഷിൻ്റെ സഹോദരൻ കെ. ബാഹിറും, പത്നി ലാലയും കപ്പലിലുണ്ട്. ഉടൻ അവരുടെ ക്യാബിനിലേക്ക് പുറപ്പെട്ടു. ശോകം തളം കെട്ടി നിൽക്കുന്ന മിഴികളോടെ ബാഹിറും, ലാലയും. മണ്ടുമ്മൽ നാസറും, ജമാൽ ആറ്ററ്റയും , കൊച്ചിൻ റിഫൈനറിയിലെ ഉദ്യോഗസ്ഥൻ സൈഫുള്ളയും ക്യാബിനിലുണ്ട്. പ്രഭാത സൂര്യൻ്റെ പൊൻകിരണം ജനാലയുടെ ഗ്ലാസിലൂടെ ഉള്ളിലേക്ക് എത്തിനോക്കുന്നുവെങ്കിലും എല്ലാവരുടെ മുഖത്തും ദു:ഖത്തിൻ്റെ കരി നിഴൽ. ദേഹശുദ്ധി വരുത്തി യാസീൻ സൂറത്ത് പാരായണം ചെയ്തു. അപ്പോഴേക്കും ഫൈസൽ മാസ്റ്ററുടെ വിയോഗവാർത്ത പലരുടെയും മൊബൈലിൽ എത്തിക്കഴിഞ്ഞിരുന്നു. യാസീൻ കഴിയുമ്പോഴേക്കും ക്യാബിനിൽ നാട്ടുകാരും പരിചയക്കാരും നിറഞ്ഞിട്ടുണ്ട്. കണ്ഡമിടറിക്കൊണ്ട് ഓരോർത്തരും ദുആക്ക് ആമീൻ പറഞ്ഞു.
നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഒരേപോലെ പ്രിയപ്പെട്ട വനായിരുന്നു ഫൈസൽ മാസ്റ്ററെന്ന ചെറുപ്പക്കാരൻ. ചുണ്ടിൽ സദാ വിരിയുന്ന പുഞ്ചിരി, നർമവും, നന്മയും കലർന്ന മധുരമായ ഭാഷണം, സർവ്വോപരി ആരെയും ആകർശിക്കുന്ന വ്യക്തിത്വം അതൊക്കെയായിരുന്ന ഫൈസൽ മാസ്റ്റർ. SSLC ക്കു ശേഷം അദ്ദേഹം കരയിൽ പഠിക്കാൻ വന്നകാലത്താണ് ഞങ്ങൾക്കിടയിലെ സൗഹൃദത്തിൻ്റെ തുടക്കം. രാഷ്ട്രീയവും, സാമൂഹികവുമൊക്കെ ചർച്ച ചെയ്യും. പകയോ, വിദ്വോഷമോ ഒന്നുമില്ലാത്ത പച്ചയായ മനുഷ്യൻ. ദീനീ സംരഭങ്ങൾക്കൊക്കെ ആകുംപോലെ സഹായിക്കും. “സീ ക്യൂ പ്രീ സ്കൂളിൻ്റെ” പ്രഥമ മീറ്റിങ്ങ് വേള. നേരിയ ശാരീരിക പ്രശ്നങ്ങളുണ്ടായിട്ടും തുടക്കം മുതൽ ഒടുക്കം വരെ ആ സദസ്സിൽ സംബന്ധിച്ച് മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ചായിരുന്നു അദ്ദേഹം പിരിഞ്ഞത്. ഒരുപക്ഷെ അദ്ദേഹത്തിൻ്റെ ജീവിതകാലത്തെ അവസാനത്തെ സ്വകാര്യ മീറ്റിങ്ങായിരിക്കാം ആ ഒത്തുകൂടൽ. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു ഫൈസൽ മാസ്റ്ററെ രോഗം വേട്ടയാടി തുടങ്ങിയത്. ഒരുവേള കൈവിട്ടുപോയന്നു കരുതിയ ഇടത്തു നിന്നും അദ്ദേഹം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. കുറെക്കാലത്തേക്ക് വല്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. കർമ്മരംഗത്ത് സജീവമായി തുടങ്ങിയിരുന്നു. ഇടക്കു വെച്ചു വീണ്ടും ആരോഗ്യ പ്രശ്നങ്ങളുണ്ടായി. വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു അപ്പോഴും പ്രതീക്ഷ. ഒരു നാടു മുഴുവനും അദ്ദേഹത്തിൻ്റെ തിരിച്ചുവരവിനായി കൊതിച്ചു. പടച്ചവൻ അവനു ഇഷ്ടപ്പെട്ടവരെ നേരത്തെ വിളിക്കുമെന്നാണല്ലോ പഴമക്കാര് പറഞ്ഞു കേട്ടത്. മരിച്ചാലും മരിക്കാത്ത ചില ജന്മങ്ങളുണ്ട്. കാലമെത്ര കഴിഞ്ഞാലും ജന ഹൃദയങ്ങളിലൂടെ,ശിഷ്യരിലൂടെ, സുഹൃത്തുക്കളിലൂടെ അവർ ജീവിക്കും. അത്തരം ഒരാളായിരുന്നു ഫൈസൽ മാഷ്.
ബാഹിറിൻ്റെ ക്യാബിനിൽ സന്ദർശകരുടെ തിരക്ക്. നാട്ടുകാർ, മറുനാട്ടുകാർ, പരിചയക്കാർ അങ്ങിനെ പലരും.. എല്ലാവർക്കും ഫൈസൽ മാസ്റ്ററെക്കുറിച്ച് ഒന്നേ പറയാനുള്ളൂ, നല്ലതുമാത്രം. കൊച്ചുകുട്ടികളുടെ നിശ്കളങ്കതയോടെ കടന്നുപോയൊരാൾ..
കടൽ ശാന്തമായിരുന്നില്ല, തുളളിക്കൊരു കുടം കണക്കെ തിമർത്തു പെയ്യുന്ന മഴ. വിഷാദാദ്രമായ കടൽക്കാറ്റ്. മഴനൂലുകൾക്കിടയിലൂടെ അങ്ങകലെ മങ്ങിക്കാണുന്ന ചേത്തിലത്ത് ദ്വീപ്. മൊബെൽ റേഞ്ച് കിട്ടുന്നുണ്ട്. മാഷിൻ്റെ സഹോദര പുത്രൻ ജലാലിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വോഷിച്ചു: “എറണാകുളത്ത് ഖബറടക്കിയെന്ന് ഇടറുന്ന ശബ്ദത്തോടെ ജലാൽ പറഞ്ഞു വെച്ചു”.
കപ്പലിലെ പ്രയർ ഹാളിൽ ഉച്ചക്ക് ശേഷം മയ്യിത്ത് നിസ്കാരം നിർവ്വഹിക്കാനും, തഹ്ലിൽ ചൊല്ലാനുമുള്ള ഏർപ്പാട് ചെയ്യണം. ഞാനും,നാസറും, അസ്ഫർ ബാഖവിയും ചേർന്ന് പരിമിതമായ സാഹചര്യത്തിൽ ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു. യാത്രക്കാരും, കപ്പലിലെ ചുരുക്കം ചില ജോലിക്കാരും ഒത്തുകൂടിയ സദസ്സ്. വാക്കുകൾ പുറത്തുവരാതെ തൊണ്ടയിൽ കിടന്ന് പിടഞ്ഞെങ്കിലും മാഷിനെ അനുസ്മരിച്ചു കൊണ്ട് ഞാൻ ഒന്നുരണ്ടു, വാക്കുകൾ സംസാരിച്ചു. പിന്നീട് ഗായിബായ മയ്യിത്തിനു വേണ്ടി നിസ്കാരവും നിർവ്വഹിച്ചു. തൗഫീഖ് റഹീമിയായിരുന്നു മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം നൽകിയത്. ശേഷം നടന്ന തഹ്ലീലിലും പ്രാർത്ഥനയിലും യാത്രക്കാരിൽ പലരും സംബന്ധിച്ചു. പ്രാർത്ഥന സദസ്സുവിട്ടു പുറത്തിറങ്ങുന്നേരം മറുനാട്ടുകാരനായ ഒരു മധ്യവയവസ്കൻ എൻ്റെ പുറത്തു തട്ടിക്കൊണ്ട് പറഞ്ഞു: “തീർച്ചയായും ഈ തേട്ടം പടച്ചവൻ സ്വീകരിക്കാതിരിക്കില്ല, യാത്രക്കാരൻ്റെ ദുആക്ക് ഇജാബത്തുണ്ടെന്നല്ലേ പ്രമാണം”. അതു പറയുമ്പോൾ അദ്ദേഹത്തിൻ്റെ നയനങ്ങൾ പെയ്തിറങ്ങുന്നുണ്ടായിരുന്നു..
ഫൈസൽ മാഷെന്ന കിൽത്താൻ ദ്വീപ് കുന്നാംഗലം മുഹമ്മദ് സൈഫുദ്ധീൻ ഫൈസലിൻ്റെ വിയോഗത്തോടെ നാട്ടുകാർക്ക് പ്രിയപ്പെട്ടൊരു അധ്യാപകനെയും, കൂട്ടുകാർക്ക് നല്ലൊരു സുഹൃത്തിനെയുമാണ് നഷ്ട്പ്പെട്ടിരിക്കുന്നത്. പടച്ചവൻ ആഖിറം വെളിച്ചമാക്കട്ടെ… സ്വർഗ്ഗത്തിൽ ഉന്നത പദവി നൽകട്ടെ…
rzv,klt
