കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ, തെങ്ങുകൾ വെട്ടിമാറ്റൽ തുടങ്ങിയ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ ബന്ധപ്പെട്ട നിയമനടപടികളും പൗരന്മാരുടെ അവകാശങ്ങളും കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് NCP (SP) സംസ്ഥാന പ്രസിഡന്റ് അഡ്വ. കോയാ അറഫാ മിറാജ്. ഭരണകൂടത്തിന്റെ നടപടികൾ നിയമപരമാണോ എന്ന് പരിശോധിക്കുകയും, നോട്ടീസുകൾ ലഭിക്കുന്ന സാഹചര്യത്തിൽ നിയമപരമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ അഗത്തിയിലുണ്ടായ സംഭവങ്ങളും വിവിധ ദ്വീപുകളിൽ തെങ്ങുകൾ വെട്ടിമാറ്റുകയും കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും ചെയ്ത നടപടികളും ചൂണ്ടിക്കാട്ടിയാണ് അഡ്വ. കോയാ അറഫാ മിറാജിന്റെ പ്രതികരണം. ഭരണകൂടം സാധാരണയായി കാരണം കാണിക്കൽ നോട്ടീസ്, ഹിയറിംഗ് നോട്ടീസ് എന്നിവയ്ക്ക് പിന്നാലെ പൊളിക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഓരോ ഘട്ടത്തിലും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
നോട്ടീസ് ലഭിക്കുന്നവർ അത് കൈപ്പറ്റിയ തീയതിയും സമയവും രേഖപ്പെടുത്തി ഒപ്പിടണമെന്നും, ഒപ്പിട്ട രേഖയുടെ പകർപ്പ് വാങ്ങി സൂക്ഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഹിയറിംഗിന്റെ ഭാഗമായി തയ്യാറാക്കുന്ന മിനിറ്റ്സ് വ്യക്തമായി വായിച്ചും മനസ്സിലാക്കിയുമാത്രമേ ഒപ്പിടാവൂ. മനസ്സിലാകാത്ത രേഖകളിൽ ഒപ്പിടാൻ ആരെയും നിർബന്ധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിയറിംഗിന് നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യത്തിൽ കത്തിലൂടെയോ ഇമെയിൽ, വാട്ട്സ്ആപ്പ് തുടങ്ങിയ മാർഗങ്ങളിലൂടെയോ കാരണം അറിയിക്കുകയും അതിന്റെ തെളിവ് സൂക്ഷിക്കുകയും വേണം. ആവശ്യമായ രേഖകളും സാക്ഷികളെയും ഹാജരാക്കുന്നതിനായി മതിയായ സമയം ആവശ്യപ്പെടാനും, കക്ഷിയുടെയോ അഭിഭാഷകന്റെയോ സഹായത്തോടെ മറുപടി സമർപ്പിക്കാനും അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം നടപടിക്രമങ്ങൾക്ക് വിധേയം
കെട്ടിടങ്ങൾ, കോമ്പൗണ്ടുകൾ, തെങ്ങുകൾ തുടങ്ങിയവ സംബന്ധിച്ച് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്—ഡി.സി., ബി.ഡി.ഒ. തുടങ്ങിയ ഉദ്യോഗസ്ഥർ ഉൾപ്പെടെ—നിയമപ്രകാരമുള്ള അധികാരങ്ങൾ ഉണ്ടായേക്കാമെങ്കിലും, അവ കൃത്യമായ നിയമനടപടിക്രമങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം വിനിയോഗിക്കേണ്ടതെന്ന് അഡ്വ. കോയാ അറഫാ മിറാജ് ചൂണ്ടിക്കാട്ടി.
BNSS-ലെ ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രകാരം പരാതി, സംഭവത്തിന്റെ സ്ഥലം, സമയം, സാഹചര്യങ്ങൾ, അപകടസാധ്യത തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും, ബന്ധപ്പെട്ടവർക്ക് മറുപടി നൽകാനും സാക്ഷികളെയും രേഖകളെയും ഹാജരാക്കാനും അവസരം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നടപടിക്രമങ്ങൾ പാലിക്കാതെയുള്ള നടപടികളെക്കുറിച്ച് കേരള ഹൈക്കോടതിയുടെ റഹ്മത്തുള്ള കെ. ആൻഡ് അദേഴ്സ് വേഴ്സസ് അമിനി ദ്വീപ് കേസിലെ വിധിയും അദ്ദേഹം പരാമർശിച്ചു.
ഭൂവിനിയോഗ മാറ്റവും Carrying Capacityയും
1965-ലെ LM&AR Regulation-ലെ Section 21-ഉം 2003-ലെ ബന്ധപ്പെട്ട ചട്ടങ്ങളും പ്രകാരം ഭൂമിയുടെ ഉപയോഗത്തിൽ മാറ്റം വരുത്തുന്നതിന് അനുമതി ആവശ്യമായ സാഹചര്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനായി ഭരണകൂടം ആദ്യം ഭൂമിയുടെ വർഗ്ഗീകരണം നടത്തി ആവശ്യമായ വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ തന്നെ ദ്വീപുകളുടെ carrying capacity സംബന്ധിച്ച കാര്യങ്ങളിലും വ്യക്തമായ വിജ്ഞാപനങ്ങളും നിയമപരമായ ചട്ടക്കൂടും ആവശ്യമാണ് എന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് കോടതികളിൽ നിന്ന് ഇടക്കാല ഉത്തരവുകൾ ലഭിക്കുന്ന സാഹചര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി നിർദേശങ്ങളും ചൂണ്ടിക്കാട്ടി
കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിർദേശങ്ങളും അഡ്വ. കോയാ അറഫാ മിറാജ് പരാമർശിച്ചു. പൊളിക്കൽ നടപടികൾക്ക് മുമ്പ് വ്യക്തമായ നോട്ടീസ് നൽകുക, വ്യക്തിപരമായ ഹിയറിംഗ് അനുവദിക്കുക, നടപടികളുടെ മിനിറ്റ്സ് രേഖപ്പെടുത്തുക, വിശദമായ ഇൻസ്പെക്ഷൻ റിപ്പോർട്ട് തയ്യാറാക്കുക, അപ്പീൽ ഉൾപ്പെടെയുള്ള നിയമപരമായ പരിഹാരങ്ങൾക്ക് അവസരം നൽകുക തുടങ്ങിയ നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.
പൊളിക്കൽ നടപടികൾ വീഡിയോഗ്രാഫ് ചെയ്യുന്നതും എന്താണ് അനധികൃത നിർമ്മാണമെന്ന് വ്യക്തമായി രേഖപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള നടപടിക്രമങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമപരമായ നടപടിക്രമങ്ങൾ ലംഘിച്ചുള്ള പൊളിക്കൽ നടപടികളിൽ ഉദ്യോഗസ്ഥരുടെ വ്യക്തിഗത ഉത്തരവാദിത്തം സംബന്ധിച്ചും സുപ്രീം കോടതി നിർദേശങ്ങൾ നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചകളിൽ യോഗം വിളിച്ച് വാരാന്ത്യത്തിന് ശേഷം തിങ്കളാഴ്ചയോടെ പൊളിക്കൽ നടപടികളിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടായാൽ, ബന്ധപ്പെട്ടവർക്ക് നിയമപരമായ പരിഹാരം തേടുന്നതിനുള്ള മതിയായ സമയം ലഭിക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമബോധവൽക്കരണം അനിവാര്യം
2026-ലെ Town and Country Planning and Development Regulation ഇതിനകം വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും അതിന്റെ ചട്ടങ്ങൾ രൂപീകരിക്കുന്ന ഘട്ടത്തിലാണെന്നും അഡ്വ. കോയാ അറഫാ മിറാജ് പറഞ്ഞു. പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ടൗൺ സെന്ററുകൾ, വിവിധ വികസന പദ്ധതികൾ തുടങ്ങിയ മേഖലകളിൽ ഭരണകൂടത്തിന്റെ ഇടപെടലുകൾ വർധിക്കാനിടയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിനാൽ ഷോക്കോസ് നോട്ടീസ് മുതൽ ഹിയറിംഗ്, ഡിമോളിഷൻ നോട്ടീസ്, മരം/തെങ്ങ് വെട്ടിമാറ്റാനുള്ള ഉത്തരവ് എന്നിവ വരെയുള്ള ഓരോ ഘട്ടത്തിലും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
“നിയമങ്ങളും തങ്ങളുടെ അവകാശങ്ങളും സംബന്ധിച്ച് ഓരോ പൗരനും ബോധവാന്മാരായിരിക്കണം. ആവശ്യമായ സാഹചര്യങ്ങളിൽ അഭിഭാഷകരുടെയോ നിയമസഹായം നൽകുന്ന വ്യക്തികളുടെയോ സഹായം തേടി നിയമപരമായ മാർഗങ്ങളിലൂടെ മുന്നോട്ട് പോകണം” എന്നും അഡ്വ. കോയാ അറഫാ മിറാജ് വ്യക്തമാക്കി.
