ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ബോർഡ് ചട്ടങ്ങളുടെ കരട് പുറത്തിറക്കി

കവരത്തി: ലക്‌ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് റെഗുലേഷൻ 2026 പ്രകാരം തയ്യാറാക്കിയ “Lakshadweep Town and Country Planning and Development (Planning and Development Board) Rules, 2026” ചട്ടങ്ങളുടെ കരട് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചു.

2026 സെപ്റ്റംബർ 18-ന് നഗരവികസന വകുപ്പ് പുറത്തിറക്കിയ പൊതുഅറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരട് ചട്ടങ്ങളിലുള്ള എതിർപ്പുകളും നിർദേശങ്ങളും അറിയിപ്പ് പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം നഗരവികസന വകുപ്പ് ഡയറക്ടർക്ക് mailto:lak-ud@utl.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കാം.

കരട് ചട്ടപ്രകാരം പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് ബോർഡിലെ ചില അംഗങ്ങളുടെ കാലാവധി രണ്ട് വർഷമായിരിക്കും. ബോർഡിന്റെ അഭ്യർത്ഥന പ്രകാരം സർക്കാർ ഓരോ തവണയും പരമാവധി ഒരു വർഷം വരെ കാലാവധി നീട്ടാൻ വ്യവസ്ഥയുണ്ട്. ജില്ലാ പഞ്ചായത്തംഗമായതിനാൽ ബോർഡിൽ അംഗമായ വ്യക്തി ജില്ലാ പഞ്ചായത്തംഗത്വം നഷ്ടപ്പെട്ടാൽ ബോർഡ് അംഗമായി തുടരാനാകില്ലെന്നും കരടിൽ വ്യക്തമാക്കുന്നു.

ബോർഡ് അംഗം ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തുകയോ, അയോഗ്യനാകുകയോ, ചുമതല നിർവഹിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയോ ചെയ്താൽ കാരണം കാണിക്കാൻ അവസരം നൽകിയ ശേഷം സർക്കാർ അംഗത്വത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനും കരടിൽ വ്യവസ്ഥയുണ്ട്. കൂടാതെ, കോടതിയുടെ വിധിയിലൂടെ മാനസിക അസ്വാസ്ഥ്യമുള്ളയാളായി പ്രഖ്യാപിക്കപ്പെടുക, പാപ്പരായി പ്രഖ്യാപിക്കപ്പെടുക, കുറഞ്ഞത് രണ്ട് വർഷത്തെ തടവുശിക്ഷ ലഭിക്കുന്ന കുറ്റത്തിന് ഇന്ത്യയിലെ ഏതെങ്കിലും കോടതിയിൽ ശിക്ഷിക്കപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലും അംഗത്വം നഷ്ടപ്പെടും.

ബോർഡ് യോഗങ്ങൾക്ക് 20 ദിവസത്തെ നോട്ടീസ് നൽകണം. യോഗത്തിൽ ബോർഡിലെ ആകെ അംഗങ്ങളുടെ പകുതി പേരുടെ സാന്നിധ്യമാണ് ക്വാറമായി നിശ്ചയിച്ചിരിക്കുന്നത്. ആവശ്യമായ അംഗസംഖ്യ ഇല്ലെങ്കിൽ യോഗം പത്ത് മിനിറ്റിന് ശേഷം മാറ്റിവെച്ച് വീണ്ടും നടത്താമെന്നും അത്തരം യോഗത്തിന് ക്വാറം ആവശ്യമില്ലെന്നും കരട് ചട്ടങ്ങളിൽ പറയുന്നു.

ബോർഡ് പരിഗണിക്കുന്ന വിഷയത്തിൽ നേരിട്ടോ പരോക്ഷമായോ താൽപര്യമുള്ള അംഗം തന്റെ താൽപര്യം വെളിപ്പെടുത്തുകയും അത് യോഗത്തിന്റെ മിനിറ്റ്സിൽ രേഖപ്പെടുത്തുകയും വേണം. അത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്ന യോഗത്തിൽ ബന്ധപ്പെട്ട അംഗത്തിന് വോട്ട് ചെയ്യാനും പാടില്ല.

അതേസമയം, ലക്‌ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് റെഗുലേഷൻ 2026-ലെ സെക്ഷൻ 14(1) പ്രകാരമുള്ള സർക്കാർ തീരുമാനം, റെഗുലേഷന്റെ സെക്ഷൻ 13(3) പ്രകാരം റീജിയണൽ പ്ലാൻ സമർപ്പിച്ച തീയതി മുതൽ 90 ദിവസത്തിനകം എടുക്കണമെന്ന സമയപരിധിയും കരട് ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരട് ചട്ടങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും 30 ദിവസത്തിനകം സമർപ്പിക്കാം. റഗുലേഷനുകളും റൂളുകളും പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾക്കായി പ്രസിദ്ധീകരിക്കുകയും സമർപ്പിക്കപ്പെടുന്ന നിർദ്ദേശങ്ങളെല്ലാം അവഗണിക്കുകയും സർക്കാർ വിചാരിച്ച പോലെ നിയമങ്ങൾ ചുട്ടെടുക്കുക എന്നത് ലക്ഷദ്വീപ് സർക്കാറിൻ്റെ പതിവ് നടപടിയായി മാറിക്കഴിഞ്ഞിരിക്കുകയാണെന്ന വിമർശനം ഉയർന്നുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *