അനുമതിയില്ലാത്ത നിർമാണങ്ങൾ നിരീക്ഷിക്കാൻ വാർഡ് തലത്തിൽ നോഡൽ ഓഫീസർമാർ; ലക്ഷദ്വീപിൽ നടപടി ശക്തമാക്കുന്നു



കവരത്തി: ലക്ഷദ്വീപിൽ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി വാർഡ് അടിസ്ഥാനത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കാൻ നിർദേശം. റവന്യൂ വകുപ്പിന്റെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജഗദീഷ് ശർമ്മ, DANICS ആണ് ഇതുസംബന്ധിച്ച ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചത്.

ഓരോ വാർഡിനും കീഴിൽ അനുയോജ്യനായ ഒരു ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിയോഗിക്കണമെന്ന് ഡെപ്യൂട്ടി കളക്ടർമാർക്കും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർക്കും നിർദേശം നൽകി. ഇവർക്ക് ചുമതലപ്പെടുത്തിയ വാർഡുകളിൽ രാവിലെയും വൈകുന്നേരവും പതിവായി സന്ദർശനം നടത്തി, ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യണം.

അനുമതിയില്ലാത്ത നിർമാണ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ആവശ്യമായ നടപടികൾക്കായി ബന്ധപ്പെട്ട ഡെപ്യൂട്ടി കളക്ടർ/ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറെ അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

ഇതിന് പുറമെ ഡെപ്യൂട്ടി കളക്ടർമാരും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാരും ഇടയ്ക്കിടെ നേരിട്ട് സ്ഥലപരിശോധന നടത്തുകയും അനധികൃത നിർമാണ പ്രവർത്തനങ്ങൾ തുടരുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.

വാർഡ് അടിസ്ഥാനത്തിൽ നിയമിക്കുന്ന നോഡൽ ഓഫീസർമാരുടെ പേര്, തസ്തിക, ചുമതലപ്പെടുത്തിയ വാർഡ്, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ റവന്യൂ വകുപ്പിന് കൈമാറാനും നിർദേശം നൽകിയിട്ടുണ്ട്.

2026 സെപ്റ്റംബർ 18-നാണ് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചത്. സെക്രട്ടറിയറ്റ് (റവന്യൂ), ജില്ലാ കലക്ടർ എന്നിവർക്കും ഉത്തരവിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *