പരിസ്ഥിതി പാഠങ്ങളുമായി സസ്റ്റൈനാബസ്സ് കിൽത്താൻ സ്കൂളിലെ ഇക്കോ ക്ലബ്ബ് ക്യാമ്പ് ശ്രദ്ധേയമായി


കിൽത്താൻ: ഈ വർഷത്തെ ഇക്കോ ക്ലബ്ബ് അംഗങ്ങളിൽ പരിസ്ഥിതി അവബോധവും സർഗാത്മകതയും നേതൃപാഠവും വളർത്താൻ ലക്ഷ്യമിട്ട് കിൽത്തനിലെ ഗവ.സീനിയർ സെക്കണ്ടറി സ്കൂളിലെ ഇക്കോ ക്ലബ്ബ് സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് ജനശ്രദ്ധ പിടിച്ചു പറ്റി. ‘സസ്റ്റൈനാബസ്സ്’ എന്ന പേരിൽ ഫെബ്രവരി 14 ,15  തിയതികളിൽ സ്കൂളിൽ വെച്ച് തന്നെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇക്കോ ക്ലബ്ബിലെ അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ഡോ.സറീനാ നിർവഹിക്കുകയും ഏ.എച്ച്.എം.മാലിക് കെ.കെ.മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ഒരുപക്ഷേ ചരിത്രത്തിലാദ്യമായിട്ടാവാം ഒരു ഇക്കോ ക്ലബ്ബ് ഇത്തരം ഒരു ക്യാമ്പ് സംഘടിപ്പിച്ചത്.കുട്ടികൾ സ്കൂളിൽ തന്നെ താമസിച്ചും സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിച്ചും സ്കൂളും പരിസരവും ശുചീകരിച്ചും അവിടത്തെ ചെടികളെ പരിപാലിച്ചും പലതരം ബോധവൽകര ക്ലാസുകളിൽ പങ്കെടുത്തും പ്ലാസ്‌റ്റിക് ബോധവൽക്കരണ റാലി നടത്തിയും കടൽ തീരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എടുത്ത് മാറ്റിയും സ്കൂൾ പരിസരത്തും റോഡ് അരികിലും മരങ്ങൾ വെച്ച് പിടിപ്പിച്ചും വിവിധയിനം കളികളിൽ ഏർപ്പെട്ടും കടലിൽകുളിച്ചും രണ്ട് ദിവസം കുട്ടികൾ ശരിക്കും ആസ്വദിച്ചു. പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ശ്രീ മുഹമ്മദ് എംപിയാണ് ക്യാമ്പ് കോഡിനേറ്റ് ചെയ്തത്. ഈ വർഷത്തെ ഇക്കോ ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഇക്കോ ക്ലബ്ബിലെ അംഗങ്ങൾക്ക് ആദ്യം കടമത്തിലേക്ക് ഒരു ഫീൽഡ് ട്രിപ്പ് ആയിരുന്നു അധ്യാപകർ ചേർന്ന് ആദ്യം ഓഫർ ചെയ്തിരുന്നത്.എന്നാൽ വിദ്യാഭ്യാസ വകുപ്പ് അതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. അതിനെ തുടർന്നാണ് പകരം ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കാൻ പദ്ധതിയിട്ടത്. ക്യാമ്പിന്റെ മുഴുവൻ ചെലവുകളും അവിടത്തെ അധ്യാപകർ തന്നെയാണ് വഹിച്ചത്. ചില രക്ഷിതാക്കളും ഇതിൽ ഭാഗഭാക്കായി. രക്ഷിതാക്കളുടെ സഹകരണവും കുട്ടികളുടെ ആവേശവും കൂടിയായപ്പോൾ ക്യാമ്പ് വൻ വിജയമായി. ഒരു പേപ്പർ ഗ്ലാസോ പേപ്പർ പ്ലൈറ്റോ ഉപയോഗിക്കാതെ തികച്ചും ഇക്കോ ഫ്രണ്ട്ലിയായിട്ട് നടത്തിയ ക്യാമ്പ് എന്ന പ്രതേകത കൂടി ഈ ക്യാമ്പിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *