എൻ.സി.പി.എസ്.പി ലോക ജനശക്തിയാകുമോ?


കവരത്തി:- ലക്ഷദ്വീപിൽ പുതിയ രാഷ്ട്രീയ കൊടി മാറ്റത്തിന് സാധ്യത. മരണമടഞ്ഞ പിന്നോക്ക സമുദായ നേതാവും സോഷ്യലിസ്റ്റും ആയിരുന്ന രാംവിലാസ് പാസ്വാൻ്റെ ലോകജനശക്തി പാർട്ടിയുടെ ഘടകം ഇവിടെ ആരംഭിക്കാനുള്ള ശ്രമം നടന്നു വരികയാണ്. എൻ.സി.പി.(എസ്‌.പി.) യിലെ ചില പ്രവർത്തകരാണ് ഈ ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നാണു് റിപ്പോർട്ടുകൾ പറയുന്നത്? എം.പി.ചെറിയ കോയാ (എം.പി.സി.) യുടെ നേതൃത്വത്തിൽ വർഷങ്ങൾക്കു മുമ്പ് ഈ പാർട്ടിയുടെ യൂണിറ്റ് പ്രവർത്തിച്ചിരുന്നുവെങ്കിലും ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താനാകാതെ പ്രവർത്തനം നിലച്ചിരുന്നു.


കേന്ദ്ര മന്ത്രിയും ലോക ജനശക്തി പാർട്ടി ദേശീയ നേതാവുമായ കംലേഷ് പാസ്വാനമായി സൗഹൃദമുള്ള ചില എൻ.സി.പി.പ്രവർത്തകരാണ് ഈ നീക്കത്തിന് നേതൃത്വം നൽകുന്നത് ലക്ഷദ്വീപ് ബി.ജെ.പി.യിൽ നിന്ന് അകലുന്ന ചിലർ ലോകജനശക്തി പാർട്ടിയുടെ ഒരു യൂണിറ്റ് തുടങ്ങിക്കാനുള്ള ആവശ്യവുമായി അവരുടെ നേതൃത്വത്തെ സമീപിച്ചപ്പോഴാണ് ഇങ്ങനെ ഒരു ബദൽ നീക്കത്തെക്കുറിച്ച് അറിയുന്നത്.
എൻ.സി.പി.(എസ്‌.പി.) ദേശീയ നേതൃത്വം ഏതു സമയത്തും കോൺഗ്രസ്സുമായി ലയിച്ചു ചേർന്നേക്കാം എന്ന സാഹചര്യം നിലനിൽക്കുമ്പോൾ ദ്വീപ് ഘടകത്തിന് മറ്റൊരു കൂടാരം ആവശ്യമായി വരും. അതിനു വേണ്ടിയുള്ള ഒരു മുൻകരുതലായിട്ടാണ് ഈ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്