കവരത്തി: സിക്കിമിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വീരമൃത്യു വരിച്ച ആന്ത്രോത്ത് സ്വദേശി ജവാൻ പി.കെ. സൈനുദ്ദീന്റെ കുടുംബത്തിന് വേണ്ടിയുള്ള സഹായങ്ങൾ ഉറപ്പാക്കുന്നതിന് എം.പി. അഡ്വ. ഹംദുള്ള സയീദ് അഡ്മിനിസ്ട്രേറ്റർ പ്രഫുൾ പട്ടേലിന് കത്തയച്ചു.
സൈനുദ്ദീന്റെ വലിയ ത്യാഗം കേരളവും ലക്ഷദ്വീപുമെല്ലാം അഭിമാനത്തോടെ കാണുന്നുവെന്ന് എം.പി. കത്തിൽ പറഞ്ഞു. ദ്വീപ് ജനതയുടെ കൃതജ്ഞതയോടെയുള്ള ആദരമായി ധീര ജവാന്റെ കുടുംബത്തിന് പാരിതോഷിക ധനസഹായം നൽകണമെന്ന് എംപി ആവശ്യപ്പെട്ടു.
യുവനേതാക്കളെ പ്രചോദിപ്പിക്കുന്നതിന്റെ ഭാഗമായി സൈനുദ്ദീന്റെ പേര് പുതുതായി സ്ഥാപിക്കപ്പെടുന്ന ഒരു സ്ഥാപനത്തിന് നൽകണമെന്നും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന്, ഭാര്യയ്ക്കോ അർഹരായ മറ്റൊരു കുടുംബാംഗത്തിനോ കരുണാ അടിസ്ഥാനത്തിൽ സർക്കാർ ജോലി നൽകണമെന്നും എംപി ആവശ്യപ്പെട്ടു.
ഇത് സൈനുദ്ദീന്റെ ത്യാഗത്തിന് ആദരവായും, രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിക്കുന്നവരുടെ ഓർമ്മയെ നിലനിർത്തുന്നതിനായും വിലമതിക്കപ്പെടുമെന്ന് എം.പി കത്തിൽ വിശദീകരിച്ചു. ഭരണകൂടം ഉടൻതന്നെ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും എം.പി. വ്യക്തമാക്കി.
സൈനുദ്ദീന്റെ കുടുംബത്തിന് ധനസഹായവും ജോലിയും നൽകണം : എം.പി ഹംദുള്ള സയീദ്
