കവരത്തി: ലക്ഷദ്വീപ് ഘടകം ബിജെപി അധ്യക്ഷൻ കെ എൻ കാസ്മികോയ, ഷഹർബാൻ എന്നിവർ ചേർന്ന് പണം തട്ടിയെടുത്തു എന്നാരോപിച്ച് കവരത്തി സ്വദേശി കോടതിയെ സമീപിച്ചു. നഷ്ടപരിഹാരം അടക്കം തുക തിരിച്ചു കിട്ടണമെന്നാണ് ആവശ്യം.
ബിജെപി സംസ്ഥാന ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട ഭൂമിയിടപാടിലാണ് കവരത്തി സ്വദേശിക്ക് പണം നഷ്ടപ്പെട്ടത്. സംഭവം ഇങ്ങനെ, പാർട്ടി സംസ്ഥാന സമിതി ഓഫീസ് നിർമ്മാണത്തിന് ഭൂമി ആവശ്യമുണ്ടെന്ന് പറഞ്ഞ് ബിജെപി നേതാക്കൾ കവറത്തി സ്വദേശിയും ഫൈസൽ വർക്ക് ഷോപ് ഉടമയുമായ ഫൈസലിനെ സമീപിക്കുകയും ബിജെപി കേന്ദ്ര നേതാക്കൾ അടക്കമുള്ളവർ ഈസ്റ്റേൺ ജെട്ടിക്ക് സമീപമുള്ള ഇവരുടെ ഭൂമി നേരിട്ടു കണ്ട് ഭൂമി എടുത്തോളാം എന്നും ഉറപ്പു നൽകി. ശ്രീ ഫൈസൽ മുൻ ടൂറിസം ഓഫീസർ പി കെ കസാലിയുടെ മകനാണ്. ഇവരുടെ മാതാവിന്റെ പേരിലുള്ള ഭൂമിയുടെ രേഖകൾ ബിജെപി പ്രസിഡന്റ് കെ എൻ കാസ്മികോയ ആവശ്യപെട്ടതനുസരിച്ച് പുതുക്കി എഴുതി നൽകി.
പിന്നീട് ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയും അന്നു വൈസ്പ്രസിഡന്റുമായിരുന്ന ഷഹർബാൻ എന്ന ബാനു ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു ശ്രീ ഫൈസലിനെ സമീപിക്കുകയും പണം അടിയന്തിരമായി പ്രസിഡന്റിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാനും ആവശ്യപ്പെട്ടു. അന്നു ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ശ്രീ കാസ്മികോയക്ക് മറ്റു പഞ്ചായത്ത് അംഗങ്ങളോടൊപ്പം ദമൻ-ദ്യൂ സന്ദർശനവുമായി ബന്ധപ്പെട്ടാണ് പണം ആവശ്യമായി വന്നതെന്നും ധരിപ്പിച്ചു.
ഒരു ലക്ഷം രൂപ ഒറ്റയടിക്കു മൊബൈൽ ട്രാൻസാക്ഷൻ നടത്താൻ പറ്റാതായപ്പോൾ രണ്ടു ദിവസങ്ങളിലായി അമ്പതിനായിരം, നൽപത്തഞ്ചായിരം എന്നിങ്ങനെ മൊത്തം തൊണ്ണൂറ്റഞ്ചായിരം അയച്ചു. രേഖകൾ പ്രകാരം 2022 നംബർ 18,19 എന്നീ തിയ്യതികളിലാണ് പണം കൈമാറിയിരിക്കുന്നത്. രണ്ടു ദിവസത്തിനു ശേഷം ശ്രീ കാസ്മികോയ മറ്റു പഞ്ചായത്ത് അംഗങ്ങളോടൊപ്പം സിൽവാസാ ദമൻ ദ്യു പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
പിന്നീട് ഭൂ ഉടമസ്ഥരിൽ നിന്നും ഭൂമി നൽകാനുള്ള സമ്മത പത്രവും രേഖാമൂലം ഒപ്പിട്ടു വാങ്ങിയിട്ടുമുണ്ട്. അന്നു ഏകദേശം മൂന്നു ലക്ഷം രൂപ സെൻറിനു വിലമതിക്കാവുന്ന പ്രസ്തുത ഭൂമിക്ക് ഏഴരലക്ഷം രൂപയും ഒരു തെങ്ങിന് ഇരുപതിനായിരവുമായി ഒരുപാട് അധികരിപ്പിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കാസ്മികോയ ശ്രീ ഫൈസലിന് അയച്ച ശബ്ദ സന്ദേശങ്ങളിൽ അഡ്മിനിസ്ട്രേറ്റർ എത്തിയ ഉടനെ എല്ലാം ശരിയാകും എന്ന രീതിയിൽ ഉറപ്പു നൽകുകയും ചെയ്യുന്നണ്ട്. ജനറൽ സെക്രട്ടറി ഷഹർബാനും ഇതുമായി ബന്ധപ്പെട്ട് നിരവധി ശബ്ദ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ഏകദേശം മൂന്നു വർഷം തികയാറായിട്ടും ഭൂമി ഏറ്റെടുക്കാതിരുന്നപ്പോൾ തങ്ങളുടെ പണം തിരിച്ച് നൽകണമെന്ന് ശ്രീ ഫൈസൽ പല തവണ ആവശ്യപെട്ടെങ്കിലും പണം നൽകാൻ രണ്ടുപേരും കൂട്ടാക്കാതെ വന്നപ്പോൾ നഷ്ടപരിഹാരം അടക്കം ആവശ്യപെട്ട് ഇപ്പോൾ കവറത്തി അധാലത്ത് കോടതിയെ ഇവർ സമീപിച്ചിരിക്കുകയാണ്.
