ആന്ത്രോത്ത്, മിനിക്കോയി ദ്വീപുകളിലെ വിദ്യാർത്ഥികൾക്ക് അനുവദിച്ച സ്കോളർഷിപ്പ് ഫണ്ട് പാസായിട്ടും വിതരണം ചെയ്യാനാകാതെ തടസ്സമായി നിന്ന പി.എഫ്.എം.എസ് (PFMS) അക്കൗണ്ടിലെ സാങ്കേതിക തകരാർ പരിഹരിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. വിഷയത്തിൽ ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ് നടത്തിയ ശക്തമായ ഇടപെടലാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയത്.
സിന്‍ഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കുമായി ലയിച്ചതിനെ തുടർന്ന് സ്കോളർഷിപ്പ് പദ്ധതിക്കായി പി.എഫ്.എം.എസിൽ രജിസ്റ്റർ ചെയ്ത പുതിയ അക്കൗണ്ടിലെ ഓപ്പണിംഗ് ബാലൻസ് അപ്ഡേറ്റ് ചെയ്യുന്നതിൽ ഉണ്ടായ സാങ്കേതിക തടസ്സമാണ് വിതരണം വൈകാൻ കാരണമായത്. ഈ വിഷയം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി വേഗത്തിലായത്.
പ്രശ്നം പൂർണ്ണമായും പരിഹരിച്ചതായും ആന്ത്രോത്ത്, മിനിക്കോയി ദ്വീപുകളിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക വിജയകരമായി പ്രോസസ് ചെയ്തതായും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (CGA) ലക്ഷദ്വീപ് എംപിക്ക് അയച്ച ഔദ്യോഗിക മറുപടിയിൽ വ്യക്തമാക്കി.
