ലക്ഷദ്വീപ് സീ കപ്പലിലെ ജലചോർച്ച: സുരക്ഷാ വീഴ്ച ശരിവച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്

എംവി ലക്ഷദ്വീപ് സീ കപ്പൽ ഡ്രൈ ഡോക്കിനു ശേഷം വീണ്ടും സർവീസ് ആരംഭിച്ച സമയത്ത് ഉണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയെക്കുറിച്ച് എൻ.വൈ.സി സംസ്ഥാന സെക്രട്ടറി മഹദാ ഹുസൈൻ ടി.ഐ. നൽകിയ പരാതിയെ ശരിവച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ജലചോർച്ച സംഭവിച്ചുവെന്ന് സ്ഥിരീകരിച്ചു. ഡിജി ഷിപ്പിങിന്റെ എക്സിക്യൂട്ടീവ് ഓഫീസർ (നോട്ടിക്കൽ) മഹദാ ഹുസൈന് അയച്ച ഔദ്യോഗിക കത്തിൽ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ തൻ്റെ പരാതിയെ അടിസ്ഥാനരഹിതം എന്ന് വിശേഷിപ്പിച്ച ലക്ഷദ്വീപ് എം.പി ഹംദുള്ളാ സഈദ് അടക്കമുള്ള കോൺഗ്രസുകാരുടെ വാദം പൊളിയുകയാണെന്ന് മഹദാ ഹുസൈൻ ദ്വീപ് ഡയറിയോട് പറഞ്ഞു.


2025 ജൂൺ 19-ന്, കിൽത്താൻ സ്വദേശിയായ മഹദാ ഹുസൈൻ ടി.ഐ ഡയറക്ടറേറ്റ് ജനറലിന് പരാതി സമർപ്പിച്ചിരുന്നു. എംവി ലക്ഷദ്വീപ് സീ കപ്പലിന്റെ വാതിലിലൂടെ ജലച്ചോര്ച്ച ഉണ്ടാകുകയും, അത് യാത്രക്കാർക്കും ജീവനക്കാർക്കും ഗുരുതര സുരക്ഷാ ഭീഷണിയാകുകയും ചെയ്തതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയിൽ സർവേയർമാർ, കപ്പൽ മാനേജ്‌മെന്റ്, ജീവനക്കാർ, അധികാരികൾ തുടങ്ങിയ എല്ലാവരും ഉൾപ്പെട്ടുള്ള സുതാര്യമായ അന്വേഷണവും ആവശ്യപ്പെട്ടു.

ഡിജി ഷിപ്പിങ് ഈ പരാതിയെ ഗൗരവത്തോടെ പരിഗണിച്ചു. പരാതി ലഭിച്ചതിനു ശേഷം ലക്ഷദ്വീപ് ഭരണകൂടത്തോട് പ്രതികരണത്തിനായി അറിയിക്കുകയും, കൊച്ചി MMD (Mercantile Marine Department)നെ ഫാക്റ്റ് ഫൈൻഡിങ് അന്വേഷണം നടത്താൻ നിയോഗിക്കുകയും ചെയ്തു. അന്വേഷണത്തിൽ ജലച്ചോർച്ച സംഭവിച്ചുവെന്നും, അതിനോട് അനുബന്ധിച്ച് പരിഹാര നടപടി സ്വീകരിച്ചുവെന്നും ഡിജി ഷിപ്പിങിന്റെ ഔദ്യോഗിക കത്തിൽ പറയുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ സാധ്യതകളും പരിശോധിക്കപ്പെടുന്നുണ്ട് എന്നും കത്തിൽ പറഞ്ഞു.