ലക്ഷദ്വീപ്-ബേപ്പൂർ യാത്രക്കപ്പൽ സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കും -മന്ത്രി സർബാനന്ദ സോനോവാൾ

ബേപ്പൂർ : ബേപ്പൂർ തുറമുഖവികസനത്തിലും ലക്ഷദ്വീപ്-ബേപ്പൂർ യാത്രക്കപ്പൽ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ. കലിക്കറ്റ് ചേംബർ നൽകിയ നിവേദനത്തെത്തുടർന്നാണ് സത്വര നടപടി സ്വീകരിക്കാൻ മന്ത്രി തയ്യാറായത്. ബേപ്പൂർ തുറമുഖവികസനത്തിന് ആവശ്യമായ ആഴംകൂട്ടുന്നതിന് മണ്ണുമാന്തൽ ഉൾപ്പെടെയുള്ള നടപടികൾക്കും ആക്കംകൂട്ടും.

നൂറ്റാണ്ടുകളായി ലക്ഷദ്വീപുകാർ അവരുടെ ദൈനംദിന, ആരോഗ്യ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്രയിച്ചുവരുന്നത് ബേപ്പൂർ തുറമുഖത്തെയാണ്. എന്നാൽ ബേപ്പൂർക്കുള്ള ലക്ഷദ്വീപ് കപ്പലുകളുടെ സർവീസ് തുറമുഖത്ത് ആഴമില്ല എന്ന കാരണത്താൽ ലക്ഷദ്വീപ് ഭരണകൂടം നിർത്തലാക്കുകയായിരുന്നു. ആഴംകുറഞ്ഞ അവസ്ഥയിലും ബേപ്പൂർ തുറമുഖത്തെത്തിയിരുന്നു. ലക്ഷദ്വീപ് ഹൈസ്പീഡ് കപ്പലുകളെയും തുറമുഖത്തടുക്കുന്നതിൽ ലക്ഷദ്വീപ് ഭരണകൂടം വിലക്കിയിരുന്നു.