കവരത്തി: ലക്ഷദ്വീപ് ബി.ജെ.പി. നേതൃനിരയിൽ തമ്മിലടി.പാർട്ടി പുന:സംഘടനയിൽ പ്രസിഡൻ്റ് കാസ്മിക്കോയക്ക് അനഭിമതരായവർക്കെല്ലാം സ്ഥാനം നഷ്ടപ്പെട്ടു. ഇതിനെതിരെ പ്രതികരിച്ച സിറാജ് കോയാഅമിനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി പാർട്ടി പ്രസിഡൻ്റ്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വാർത്തകൾ കൈരളി ചാനലിലും മറ്റ് പ്രാദേശിക ചാനലുകളിലും നൽകി എന്ന കുറ്റമാണ് പ്രധാനമായി സിറാജ് കോയക്കെതിരെ ആരോപിച്ചിരിക്കുന്നത്. ജൂൺ 19 ന് ചേർന്ന പാർട്ടി നേതൃയോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തുവെന്നും നേതാക്കളെല്ലാവരും തന്നെ സിറാജ് കോയാ, ഡോ.ഹിദായത്തുള്ള എന്നിവർ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളതായി സംശയം പ്രകടിപ്പിച്ചതായും ഷോക്കോസ് നോട്ടീസിൽ പറയുന്നുണ്ട്. ഇങ്ങനെ നിരവധി കുറ്റങ്ങളാണ് സിറാജ് കോയക്കുമേൽ കാരണം കാണിക്കാനായി ആരോപിച്ചിരിക്കുന്നത്.
ജൂൺ 30 നാണ് കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ജൂലൈ രണ്ടാം തിയ്യതി ശ്രീ.സിറാജ് കോയാ, പ്രസിഡൻ്റ് കാസ്മിക്കോയക്ക് തൻ്റെ വിശദീകരണം സമർപ്പിച്ചിട്ടുണ്ട്.
ആരോപിച്ച കുറ്റങ്ങൾ എല്ലാം നിശേദിക്കുകയും പാർട്ടി പ്രസിഡൻ്റിൻ്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ പാർട്ടിയുടെ കൂട്ടായ്മയുടെ ചൈതന്യത്തെ അവഗണിച്ചതുമാണെന്ന നിരാശ പ്രകടിപ്പിക്കുകയും ചെയ്യുന്നു. പാർട്ടിക്കുവേണ്ടി സമർപ്പണം ചെയ്ത പ്രവർത്തകൻ മാർക്ക് കൂടക്കൂടെ വാണിങ്ങുകളും നോട്ടീസുകളും നൽകി അവരെ പാർട്ടിയിൽ നിന്നും പ്രസിഡൻ്റ് അകറ്റി എന്ന് സിറാജ് കോയാ ആരോപിക്കുന്നു.
പാർട്ടി ഭരണഘടനയെ ലംഘിച്ച് 3 ജനറൽ സെക്രട്ടറിമാരെ നിയമിച്ചതും ഒരാൾക്ക് രണ്ട് ചുമതല നൽകിയ തുമെല്ലാം താൻ ചൂണ്ടി കാണിച്ചത് പ്രസിഡൻ്റ് അവഗണിച്ചു. അന്നു മുതൽ തന്നോട് ശത്രുതാപരമായ പെരുമാറ്റമാണ് നേതൃത്വം കാണിച്ചതെന്നും കൂടി സിറാജ് കോയാ പറഞ്ഞു വെക്കുന്നുണ്ട്.
പ്രസിഡൻ്റ് കാസ്മിക്കോയയുടെ മകളും മുഹമ്മദ് ഖാസിമുംകൂടി ഡോ.ഹിദായത്തുള്ള യെ റിസോട്ടിൽ നിന്നും ബലമായി പുറത്താക്കിയതും അഡ്വ.കെ.പി.മുത്തിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നതായും കൂടി സിറാജ് കോയാ ആരോപിക്കുന്നു.
ഇങ്ങനെ കാരണം കാണിക്കൽ നോട്ടീസിലെ എല്ലാ ആരോപണങ്ങളും നിശേദിക്കുകയും പ്രസിഡൻ്റിൻ്റെ ഏകാധിപത്യവും പാർട്ടി ഭരണഘടനക്കു നിരക്കാത്തതും വ്യക്തിതാല്പര്യത്തിന് അനുസരിച്ചുള്ളതുമായ നടപടികളെ എല്ലാം എണ്ണിപ്പറഞ്ഞ് വിമർശിച്ച് കൊണ്ടാണ് സിറാജ് കോയാ തൻ്റെ വിശദീകരണം നൽകിയിരിക്കുന്നത്.
നാലാളുകൾ മാത്രമുള്ള പാർട്ടിയിൽ തമ്മിലടി കാരണം പല ദ്വീപുകളിലേയും പാർട്ടി ആപ്പീസ് തന്നെ പൂട്ടിപ്പോയിരിക്കുകയാണ്, നേതാക്കൻമാർ അവരുടെ ബന്ധ ക്കാരേയും സ്വന്തക്കാരേയും കുത്തി നിറച്ച സംസ്ഥാന കമ്മിറ്റിയിൽ നിന്നും സീനിയർ നേതാക്കൻമാർ പലരും പുറം തള്ളപ്പെട്ടിരിക്കുകയുമാണ്. ഇങ്ങനെ ഒഴിവാക്കപ്പെട്ടവരെല്ലാം പുതിയ മേച്ചിൽപുറം തേടാൻ നിർബന്ധിതരായിരിക്കുകയാണ്.
