കണ്ണൂർ: കണ്ണൂരിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ സിറ്റി സി.ഐ: സനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. തയ്യിൽ നീർച്ചാൽ യു. പി.സ്‌കൂളിന് സമീപത്തെ സമീറാസിൽ ടി.കെ. ഫവാസ് (43) ആണ് പിടിയിലായത്.
കഴിഞ്ഞ 23നാണ് കേസിനാസ്‌പദമായ സംഭവം. യുവതി ആർക്കി ടെക്‌ടറായി കണ്ണൂരിൽ ജോലി ചെയ്‌തുവരികയാണ്. പ്രതി ഇൻന്റീരിയർ വർക്ക് ചെയ്യുന്നയാളാണ്. കണ്ണൂർ വെറ്റിലപ്പള്ളിയിൽ ഒരു കെട്ടിടം പണിയുടെ മേൽനോട്ടചുമതല യുവതിക്കാണ്. അതിന്റെ ഇന്റീരിയർ വർക്ക് ചെയ്യാനെത്തിയതായിരുന്നു ഫവാസ്. ഈ കെട്ടിടത്തിൽ മറ്റാരും ഇല്ലാത്ത സമയം ഫവാസ് യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുതറിമാറി രക്ഷപ്പെട്ട യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
എസ്.ഐ: മനോജ്കുമാർ, എ.എ സ്.ഐ: രഞ്ചിത്ത്, സീനിയർ സി. പി.ഒ: ഷിബു, സി.പി.ഒ: സജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
