ലക്ഷദ്വീപിൽ കനത്ത മഴക്കും കാറ്റിനും സാധ്യത

കവരത്തി: ലക്ഷദ്വീപിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നു ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറത്തിറക്കി. ജൂലൈ 2 മുതൽ 6 വരെ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനാണ് സാധ്യത. കൂടാതെ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെയുളള കനത്ത മഴ വേറിട്ട ഭാഗങ്ങളിൽ പെയ്യാനാണ് സാധ്യത.

ഈ കാലയളവിൽ ജനങ്ങൾ കടലിൽ വിനോദപ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നുമാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം. തീരദേശ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.
കളക്ടർമാർക്കും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർക്കും കലക്ടറേറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്ന് അതോറിറ്റി അറിയിച്ചു.