സുഹൈൽ നഈമി കിൽത്താൻ എഴുതിയ ” ലക്ഷദ്വീപിലെ മൺമറഞ്ഞ 70 മഹത്തുക്കൾ ” എന്ന പുസ്തകം വായിച്ചു.വളരെ സന്തോഷം. പുതിയ തലമുറയിലെ യുവാക്കൾ പ്രാദേശിക ചരിത്രത്തോട് കാണിക്കുന്ന അഭിവാഞ്ച ശ്ലാഖിക്കേണ്ടത് തന്നെയാണ്.ലക്ഷദ്വീപിൻ്റെ ചരിത്രം രചിച്ച എല്ലാവരും തന്നെ ലക്ഷദ്വീപ് എന്ന പൊതുബോധത്തിൽ നിന്നു കൊണ്ടാണ് ചരിത്ര രചന നടത്തിയിട്ടുള്ളത്. അത് തന്നെ ഭരണപരവും രാഷ്ട്രീയ പരവും മതപരവുമായ വിഷയങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതുമായിരുന്നു. ജനവാസമുള്ള പത്തു ദ്വീപുകളുടേയും സ്വതന്ത്രമായ അസ്തിത്വത്തേയും വൈവിധ്യത്തേയും വേണ്ട വിധം രേഖപ്പെടുത്തുവാൻ ചരിത്രരചന നിർവഹിച്ചവർക്കാർക്കും സാധിച്ചിട്ടില്ല.
ഈ അടുത്ത കാലത്ത് മാത്രമാണ് ഓരോ ദ്വീപിൻ്റെയും പ്രാദേശിക ചരിത്രത്തിലേക്ക് എഴുത്ത് കാരുടേയും ഗവേഷകരുടേയും ശ്രദ്ധ തിരിയുന്നത്. അത്തരം ശ്രദ്ധകളുടെ സ്വാധീനമാണ് ദ്വീപിൽ ജീവിച്ചു മരിച്ചു പോയ മഹത്തുക്കളുടെ ചരിത്രങ്ങളും സംഭാവനകളും ഓർമ്മിക്കാനും രേഖപ്പെടുത്താനുമെല്ലാം ശ്രമങ്ങൾ ഉണ്ടായത്. അത്തരം ശ്രമങ്ങളുടെ ബഹിർസ്ഫുരണമായിട്ടാണ് സുഹൈൽ നഈമിയുടെ ഈ പരിശ്രമത്തെ ഞാൻ കാണുന്നത്. സ്ഖലി തങ്ങൾ ഒരുപാടുണ്ടാകാം. പ്രഥമ സംരംഭം എന്ന നിലയിൽ അവയെ ക്ഷമിക്കാവുന്നതാണ്. വരും പതിപ്പുകളിൽ അവ തിരുത്തപ്പെടുവാനും മെച്ചപ്പെടുത്തുവാനും അദ്ദേഹത്തിന് സാധിക്കും എന്നു തന്നെയാണെൻ്റെ പ്രതീക്ഷ.
കഴിഞ്ഞ കാലങ്ങളിൽ പൊതു സമൂഹത്തിൽ സ്വാധീനം ചെലുത്തിയ മതപണ്ഡിതൻമാർ ,ആത്മീയ നേതാക്കൾ, പ്രാദേശിക നേതാക്കൻമാർ എന്നിങ്ങനെ ഒരു പാട് വ്യക്തികൾ ഇവിടെ ജീവിതം നയിച്ച് കടന്നു പോയിട്ടുണ്ട്. അവരിൽ നിന്നുള്ള കേവലം 70 പേരുടെ വിവരങ്ങൾ മാത്രമാണിവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇനിയും രേഖപ്പെടുത്തുവാൻ ഒരു 7000 പേരെങ്കിലും ബാക്കിയുണ്ടാകും.
വിരൽ മടക്കി എണ്ണിയെടുക്കാൻ ഒരു പാട് പേരെ ലഭിക്കുമെങ്കിലും അവരുടെയൊക്കെ ജീവചരിത്രം കണ്ടെത്തുകയെന്നത് വളരെ ശ്രമകരമായ കാര്യമാണ്. അവരെ സംബന്ധിച്ചുള്ള പരാമർശങ്ങളുള്ള ഒരു രേഖപോലും ലഭിച്ചെന്നു വരില്ല.അവർ ജനിച്ചതോ മരിച്ചതോ ആയ ദിവസമോ വർഷമോ ലഭിക്കില്ല. മാതാപിതാക്കളെക്കുറിച്ചറിവ് കിട്ടില്ല. ഖബറിടം പോലുമറിയില്ല. ഫോട്ടൊയുടെ കാര്യം പിന്നെ പറയുകയേ വേണ്ട. രേഖകൾ ഒന്നും ലഭിക്കാതിരിക്കുമ്പോൾ പിന്നെയുള്ള ഏക ആശ്രയം വാമൊഴി പരാമർശങ്ങളെയാണ്. അത്തരം വാമൊഴി പരാമർശങ്ങളെ തന്നെ പൂർണ്ണമായി ഉൾക്കൊള്ളാനും സാധിച്ചെന്നു വരില്ല. അവയിൽ പല അബദ്ധങ്ങളും കടന്നുകൂടിയിട്ടുമുണ്ടാകും.പ്രായമുള്ളവരെല്ലാം കാലയവനികക്കുള്ളിലേക്ക് കടന്നു പോയിക്കഴിഞ്ഞ ഈ വർത്തമാനകാലത്ത് അത്തരം വാമൊഴികൾ പോലും ലഭിക്കാൻ നിർവ്വാഹമില്ലാത്ത അവസ്ഥയാണ് വന്നു ഭവിച്ചിരിക്കുന്നത്.
ഒരു വ്യക്തിയുടെ ജീവിതം രേഖപ്പെടുത്താൻ തിരഞ്ഞെടുക്കുമ്പോൾ പൊതു സമൂഹത്തിനു മേൽ അദ്ദേഹം ചെലുത്തിയ സ്വാധീനമാണ് ആദ്യം പരിഗണിക്കുക. വ്യത്യസ്ത മേഖലകളിൽ ഉള്ള സമൂഹത്തിൻ്റെ പുരോഗതിക്കായി പ്രവർത്തിച്ചവരെയുമാണ്. മതപരവും ഭൗതികപരവും ആയ ഉയർന്ന വിദ്യാഭ്യാസം നേടിയ ശേഷം വീട്ടിൽ ഒതുങ്ങിക്കൂടിയവരേയൊ, ഏതെങ്കിലും വലിയ സ്ഥാനത്ത് ജോലി ചെയ്ത് ഞാനും ഭാര്യയും തട്ടാനും എന്ന വൃത്തത്തിനുള്ളിൽ ജീവിച്ച് പെൻഷൻ പ്പറ്റിപ്പിരിഞ്ഞ് ശിഷ്ട ജീവിതവും അതേ വൃത്തത്തിൽ ഒതുക്കിയവരേയുമൊന്നും പരിഗണിക്കാൻ സാധിക്കുകയില്ല. അത്തരം വ്യക്തികൾ അവർ നേടിയ അറിവും വിദ്യാഭ്യാസവും സമൂഹത്തിന് എങ്ങനെ പകർന്നു കൊടുത്തു എന്ന് പരിശോദിക്കപ്പെടും.അവരിൽ നിന്നും വിജ്ഞാനത്തിൻ്റെ മധു നുകർന്നവർ കാലങ്ങളോളം അവരുടെ മഹത്വം ഉദ്ഘോഷിച്ചു കൊണ്ടിരിക്കും. ഇല്ലെങ്കിൽ മറിച്ചായിരിക്കും സംഭവിക്കുക. അവർ മറവിയുടെ കഴങ്ങളിലേക്കെറിയപ്പെടും. ഒരു ഉയർന്ന തസ്തികയിൽ ഒരാൾ ജോലി ചെയ്തു എന്നത് കൊണ്ട് സമൂഹത്തിൻ്റെ വയർ നിറയുകയില്ല.അവർ അവരുടെ സേവന കാലത്ത് അവർ കൈകാര്യം ചെയ്ത വകുപ്പിലെ സേവനങ്ങൾ ബഹുജനങ്ങൾക്ക് പ്രയോജനപ്പെടുംവിധം എങ്ങനെ പരിഷ്ക്കരിച്ചു ,ജോലിക്കു പുറമെ പൊതു സമൂഹത്തിൻ്റെ എന്തെല്ലാം വിഷയങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ചു,പെൻഷനായ ശേഷം സമൂഹത്തിൽ എങ്ങനെ ഇടപെട്ടു എന്നീ കാര്യങ്ങളൊക്കെ പരിഗണിക്കേണ്ടി വരും.വിവരശേഖരണത്തിൽ ലഭിച്ച കാര്യങ്ങൾ പരിശോധിച്ചും വിലയിരുത്തിയും നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നവരെക്കുറിച്ചായിരിക്കും നാം ചരിത്രരചന നടത്തുക. മറ്റുള്ളവർ ആഗ്രഹിക്കുന്ന പലരും ഇതിൽ ഉൾപ്പെട്ടു എന്ന് വരില്ല.അവർ ആഗ്രഹിക്കാത്ത പലരും ഉൾപ്പെട്ടിട്ടുമുണ്ടാകും.
സുഹൈൽ നഈമി കഴിഞ്ഞ കുറെ വർഷക്കാലമായി ഈ വിവരശേഖരണത്തിൽ ഏർപ്പെട്ടിരുന്നു എന്നെനിക്കറിയാം.ഇതിൻ്റെ തുടർച്ചയായി ഇനിയും തൻ്റെ പരിശ്രമം തുടരും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പവിഴദ്വീപിന് പേരും പെരുമയും നൽകി നമ്മുടെ സമൂഹത്തിൻ്റെ സാമൂഹ്യവും മതപരവുമായ പുരോഗതിക്കു വേണ്ടി വിലപ്പെട്ട സംഭാവനകൾ നൽകിയ മഹത്തുക്കളുടെയെല്ലാം കൂടുതൽ ചരിതങ്ങൾ രചിക്കുവാൻ സുഹൈൽ നഈമി എന്ന ചെറുപ്പക്കാരന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
-- കെ.ബാഹിർ
