ന്യൂഡൽഹി: മിനിക്കോയ് ദ്വീപിൽ ഏകദേശം 4,000 ടൺ ജൈവാവശിഷ്ടമല്ലാത്ത മാലിന്യങ്ങൾ കൂമ്പാരമായി കിടക്കുന്നതായി റിപ്പോർട്ടുകൾ. പ്ലാസ്റ്റിക്, ഇ-വേസ്റ്റ്, പഴയ ഉപകരണങ്ങൾ, കിടക്കകൾ, മത്സ്യബന്ധന വലകൾ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ മാലിന്യങ്ങൾ കൊറൽ വീഫുകൾക്കും കടൽജീവജാലത്തിനും ഗുരുതരമായ ഭീഷണിയാകുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി.
2025 ജൂലൈ 1-ന് മിനിക്കോയ് കോടി ബീച്ചിനടുത്തുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തം പരിസ്ഥിതി പ്രവർത്തക ഫാത്തിമ ഖുറൈഷി സാമൂഹ്യ പ്രവർത്തകൻ മഹദാ ഹുസൈൻ ടി.ഐയെ അറിയിക്കുകയും മഹദാ ഹുസൈൻ, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തോട് അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി സമർപ്പിക്കുകയും ചെയ്തിരുന്നു.
പരാതി പരിഗണിച്ച് കേന്ദ്ര പരിസ്ഥിതി, വന, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ Hazardous Substances Management വിഭാഗം 2025 ആഗസ്റ്റ് 8-ന് ലക്ഷദ്വീപ് മലിനീകരണ നിയന്ത്രണ സമിതിയുടെ മെമ്പർ സെക്രട്ടറിക്ക് കത്ത് അയച്ചു. 2025 ജൂലൈ 4-ന് രജിസ്റ്റർ ചെയ്ത പബ്ലിക് ഗ്രീവൻസ് നമ്പർ MOEAF/E/2025/0002388-നോട് ബന്ധപ്പെട്ടാണ് നടപടി. ഡോ. അമിത് ലവ് ഒപ്പിട്ട കത്തിൽ ആവശ്യമായ നടപടി സ്വീകരിച്ച് മൂന്ന് ആഴ്ചയ്ക്കുള്ളിൽ ആക്ഷൻ ടേക്കൺ റിപ്പോർട്ട് മന്ത്രാലയത്തെ അറിയിക്കണമെന്ന് നിർദ്ദേശം നൽകി.
