മത്സ്യമേള ഡിസംബർ 16 മുതൽ


കവരത്തി: ലക്ഷദ്വീപിലെ മത്സ്യ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് പുതുജീവനം നൽകുന്ന മത്സ്യമേള-2025 ഡിസംബർ 16 മുതൽ 18 വരെ കവരത്തി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടക്കും. ലക്ഷദ്വീപ് കൃഷിവിജ്ഞാൻകേന്ദ്രം (KVK), ഐസിഎആർ-സിഎംഎഫ്‌ആർഐ, കേന്ദ്രഭരണ പ്രദേശത്തിന്റെ ഫിഷറീസ് വകുപ്പ്, വിവിധ സഹസംഘടനകൾ എന്നിവർ ചേർന്നാണ് മത്സ്യമേള-2025 സംഘടിപ്പിക്കുന്നത്.

മത്സ്യമേളയുടെ തിരശ്ശീല ഉയർത്തുന്നതിനായി ലോഞ്ച് മീറ്റിംഗ് ആഗസ്റ്റ് 22-ന് കവരത്തിയിൽ നടന്നു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഫിഷറീസ് ഡയറക്ടർ ശ്രി. ബുസർ ജംഹർ (DANICS) മത്സ്യമേള-2025 ലോഗോയും പ്രമോഷണൽ മെറ്റീരിയലുകളും പുറത്തിറക്കി. ജനങ്ങൾക്ക് ലഭ്യമായ വികസന ഫണ്ടുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. ലക്ഷദ്വീപിനെ സീ വീഡ് ക്ലസ്റ്റർ ആയി വികസിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി സാമൂഹ്യ-സാമ്പത്തിക വളർച്ചക്ക് വഴിവെക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

ഡോ. പി.എൻ. ആനന്ത്, പ്രിൻസിപ്പൽ സയന്റിസ്റ്റ് & ഹെഡ്, KVK-ലക്ഷദ്വീപ്, മത്സ്യമേള-2025ന്റെ സമഗ്ര രൂപരേഖ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം കവരത്തിയിൽ നടന്ന കോക്കോ ഫെസ്റ്റ്-2024ന്റെ വിജയകരമായ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ഡോ. കെ.കെ. ഇദ്രീസ് ബാബു (ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി), ഡോ. അബ്ദുൽ ഗഫൂർ, ഡോ. അബ്ദുൽ അസി‌സ് (സയന്റിസ്റ്റുകൾ), ശ്രീ. ജാഫർ ഹിഷാം (അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ് വകുപ്പ്) എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഏകദേശം 200-ഓളം മത്സ്യത്തൊഴിലാളികൾ, സ്വയം സഹായ സംഘം അംഗങ്ങൾ, കേന്ദ്രഭരണ പ്രദേശ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ, വിവിധ സ്റ്റേക്ക്‌ഹോൾഡർമാർ എന്നിവർ ലോഞ്ച് മീറ്റിംഗിൽ പങ്കെടുത്തു. കെ.വി.കെ.യിലെ സാഗർ വിത്തൽ ഷിണ്ഡെ (സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ്-ഫിഷറീസ്) നന്ദിപ്രസംഗം നടത്തി.

മത്സ്യമേള-2025 ലക്ഷദ്വീപിന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തെയും മത്സ്യ-സമുദ്രബന്ധിത മേഖലയിലെ നവീന ഇടപെടലുകളെയും ദേശീയ തലത്തിൽ മുൻനിരയിലേക്ക് ഉയർത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.