ബേളാരം ന്യൂസ് പോർട്ടലിൽ തമ്മിലടി: മഹദാഹുസൈനേയും സലാഹുദ്ധീനെയും പുറത്താക്കി

കവരത്തി: ലക്ഷദ്വീപിന്റെ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ബേളാരം എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിൽ നിന്നും എഡിറ്റർമാരായ മഹദാ ഹുസ്സൈനെയും സലാഹുദ്ദീൻ പീച്ചിയതിനെയും പുറത്താക്കി. ശ്രീ ചെറിയകോയ കവരത്തിയാണ് പുതിയ എഡിറ്റർ .


ലക്ഷദ്വീപിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലൊന്നായ എൻ സി പി എസ് പി യോട് അനുഭാവം പുലർത്തുന്ന ഒരു പോർട്ടലായ ബേളാരത്തിൽ പാർട്ടി പ്രസിഡന്റിന്റെ ഇടപെടലാണ് അദ്ദേഹത്തിന്റെ വിശ്വസ്തനായ ചെറിയ കോയയെ ബേളാരം ഏല്പിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
ലക്ഷദ്വീപിൽ പ്രാതിനിധ്യ ഭരണം നടപ്പിലാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു മൂവ്മെന്റ് എന്ന നിലയിലാണ് സലാഹുദ്ദീൻ പീച്ചിയത്ത് ബേളാരം ന്യൂസ് പോർട്ടൽ തുടങ്ങിയത്. പിന്നീട് മഹദാ ഹുസൈനും കൂടി ചേർന്നതോടെ ഒരു വാർത്താ മാധ്യമം എന്ന നിലയിൽ ലക്ഷദ്വീപിൽ അടുത്തിടെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു സംരംഭമായി ബേളാരം മാറി.


ദ്വീപു ഡയറിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വന്നിരുന്ന സലാഹുദ്ധീന് സ്വന്തമായി ഒരു പോർട്ടൽ ഉണ്ടാകണമെന്ന ആഗ്രഹം അന്നേ ഉണ്ടായിരുന്നു.സർക്കാർ ജോലി രാജി വെച്ച് രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങിയ സലാഹുദ്ദീനും കോൺഗ്രസ്സിൽ നിന്നും ബി.ജെ.പി.യിലെത്തി യുവമോർച്ചാ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തെത്തി പ്രവർത്തിച്ചു വരവെ ബി.ജെ.പി.പ്രസിഡൻ്റുമായുണ്ടായ അഭിപ്രായ വ്യത്യാസം മൂലം രാജിവെച്ച് എൻ.സി.പി.യിലെത്തിയ മഹദാഹുസൈനും തുടക്കത്തിൽ തന്നെ കല്ല് കടിച്ച അനുഭവമാണ് ഉണ്ടായിട്ടുള്ളത്.രണ്ടു പേരും ഇതുവരെ തദ് വിഷയകമായി പ്രതികരിച്ചിട്ടില്ല.


സലാഹുദ്ദീനും മഹദാ ഹുസൈനും പുറത്താക്കപ്പെട്ട സ്ഥിതിക്ക് ബേളാരത്തിന്റെ ഭാവി ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.

ചാള യൂണിയന്റെ എംബ്ലം പതിച്ച ട്രോളുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതോട് കൂടിയാണ് ഈ വിഷയം ചർച്ച ചെയ്യപ്പെട്ടു തുടങ്ങുന്നത്. ഈ വിഷയത്തിൽ സലാഹുദ്ദീനോ മഹദാ ഹുസൈനോ ഇത് വരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.