ന്യൂഡൽഹി: ലക്ഷദ്വീപിലെ കിൽത്താൻ ചെത്ലത്ത് ദ്വീപുകളുടെ കിഴക്കൻ ഭാഗത്ത് ജെട്ടികൾ നിർമിക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പദ്ധതി കേന്ദ്ര സർക്കാർ പരിഗണനയിൽ എടുത്തതായി തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പുമന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി.
ലോക്സഭയിൽ എം.പി. മുഹമ്മദ് ഹംദുള്ള സഈദ് ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രി അറിയിച്ചു. കിൽത്താനും ചെത്ലത്തും ദ്വീപുകളുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ജെട്ടികൾ നിർമ്മിക്കാൻ ലക്ഷദ്വീപ് ഭരണകൂടം തയ്യാറാക്കിയ വിശദമായ പദ്ധതിരേഖ (DPR) 2024 ജൂൺ 29-നാണ് മന്ത്രാലയത്തിന് സമർപ്പിച്ചത്.
ഈ പദ്ധതികൾക്ക് മുമ്പായി ആവശ്യമായ പഠനങ്ങൾ നടത്തണമെന്ന് കേന്ദ്ര മന്ത്രാലയം നിർദ്ദേശിച്ചു. തുടർന്നാണ് 2024 സെപ്റ്റംബർ 17-ന് സാഗർമാല പദ്ധതി പ്രകാരം ₹13.99 കോടി രൂപ അനുവദിച്ചത്.
ഈ ദ്വീപുകളിലെ ജെട്ടികൾ പഴയതും ചെറിയ ബോട്ടുകൾക്കായുള്ളതുമാണ്. അതിനാൽ വലിയ കപ്പലുകളിൽ എത്തുന്ന യാത്രക്കാരെയും ചരക്കുകളെയും ചെറിയ ബോട്ടുകൾ വഴി ഇറക്കേണ്ടി വരുന്നതും കടൽക്ഷോഭം ഉള്ള സമയങ്ങളിൽ ഇത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമാണെന്ന് മറുപടിയിൽ വ്യക്തമാക്കി.
