കിൽത്താൻ ബോട്ട് അപകടം: മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം

കിൽത്താൻ : കിൽത്താൻ ദ്വീപ് സ്വദേശി ദിൽബർ മുഹമ്മദിന്റെ അഹൽ ഫിഷറീസ് എന്ന മത്സ്യബന്ധന ബോട്ട് തീപിടിത്തത്തിൽ ദുരന്തമുണ്ടായി ജീവനൊഴിഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കിൽത്താൻ ദ്വീപിലെ ബോട്ടുടമ ദിൽബർ മുഹമ്മദ് ടി യുടെ ഇടപെടലിനെ തുടർന്നാണ് നടപടി.

അപകടത്തിൽ മരിച്ച മുഹമ്മദ് റസീഖ് കെ.എം. യുടെ ഭാര്യ ബീവി അയിഷ പാട്ടകലിനും താജുൽ അക്ബർ എം.എം.യുടെ ഭാര്യ ബീബി ആതിഖാ പി.എം. നും അഞ്ച് ലക്ഷം രൂപ വീതം, പത്ത് ലക്ഷം രൂപയാണ് ഫിഷറീസ് വകുപ്പ് അനുവദിച്ചത്.

അപകടത്തിന് ശേഷം കുടുംബങ്ങൾ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ദിൽബർ മുഹമ്മദ് ടി ബോട്ടുടമ എന്ന നിലയിൽ ഫിഷറീസ് സെക്രട്ടറിക്ക് സമർപ്പിച്ച പരാതിപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി കൈകൊണ്ടത്. ഉത്തരവിന്റെ പകർപ്പ് ബോട്ടുടമക്ക് email വഴി ഔദ്യോഗിഗമായി കൈമാറുകയും ചെയ്തു.

ഫിഷറീസ് വകുപ്പിന്റെ ‘വെൽഫെയർ ഓഫ് ഫിഷെർമൻ’ പദ്ധതിയിലൂടെയാണ് ധനസഹായം അനുവദിച്ചത്. ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് സ്പെഷ്യൽ ഓഫീറുടെ അംഗീകാരത്തോടെയാണ് ജില്ലാ ഫിഷറീസ് ഓഫീസർ ജാഫർ ഹിഷാം ടി ഉത്തരവ് പുറപ്പെടുവിച്ചത്. സഹായം കിൽത്താൻ ബിഡിഒ ഓഫീസ് വഴിയാണ് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്.