കപ്പൽ കാന്റീനിലെ ഭക്ഷണം കഴിച്ച യാത്രക്കാർക്ക് ഭക്ഷ്യ വിഷബാധ

കിൽത്താൻ: കൊച്ചിയിൽ നിന്ന് കിൽത്താൻ ദ്വീപിലേക്ക് യാത്രതിരിച്ച എംവി കോറൽ കപ്പലിൽ കഴിഞ്ഞദിവസം രാത്രി  ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തതായി പ്രാഥമിക വിവരങ്ങൾ. കപ്പലിലെ കാന്റീനിൽ നിന്നുള്ള ഭക്ഷണം കഴിച്ച യാത്രക്കാർക്കാണ് ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായത്.

പ്രശ്നം അനുഭവപ്പെട്ട യാത്രക്കാർക്കിൽ വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമായത്. ഇപ്പോഴത്തെ വിവരങ്ങളനുസരിച്ച് ഏതാനും പേർക്ക് അസ്വസ്ഥതയുണ്ടായെന്നും അവരുടെയൊക്കെ നില ഗുരുതരമല്ലെന്നും  വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഭക്ഷ്യ സുരക്ഷാ അധികൃതരും പോർട്ട് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. കപ്പലിലെ ഭക്ഷണ ഗുണനിലവാരത്തേക്കുറിച്ചും കാന്റീൻ സംവിധാനത്തെയും ആഴത്തിൽ പരിശോധിക്കേണ്ടതുണ്ടെന്ന ആവശ്യവുമായി യാത്രക്കാർ മുന്നോട്ടുവന്നു.

അതേസമയം, ഇന്ന് കിൽത്താൻ, ചേത്ത്ലത്ത് ദ്വീപുകളിൽ പോകേണ്ടിയിരുന്ന കപ്പൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈകിയാണ് സർവീസ് നടത്തുന്നത്. ശക്തമായ മഴയും കാറ്റും തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് കിൽത്താനിൽ യാത്രക്കാരെ ഇറക്കിയെങ്കിലും ചരക്കുനീക്കം വൈകിയതിനാൽ പാസഞ്ചർ എംബാർക്കേഷൻ നാളെ രാവിലെക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. നാളെ ചേത്ത്ലത്ത് ദ്വീപിലും, മറ്റന്നാൾ ബിത്രയിലും കപ്പൽ എത്തും. ജൂൺ 1-ന് എംവി കോറൽ കൊച്ചിയിൽ തിരിച്ചെത്തുമെന്ന് അറിയിപ്പുണ്ട്.