കോഴിക്കോട്: അറബിക്, മഹൽ ഭാഷകൾ ഒഴിവാക്കാനുള്ള ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് നീക്കത്തിൽ പ്രതിഷേധം ശക്തം. ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്കെതിരാണിതെന്ന് ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ് പറഞ്ഞു. ഈ വിവാദ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ലക്ഷദ്വീപ് അഡ്മിസിട്രേറ്റർ പ്രഫുൽ പട്ടേലിന് സമർപ്പിച്ച നിവേദനത്തിൽ അദ്ദേഹം ആവ ശ്യപ്പെട്ടു. ഈ നീക്കത്തിൽ ദ്വീപ് സമൂഹത്തിലെ രക്ഷിതാക്കളും അധ്യാപകരും സമുദായ നേതാക്കളും കടുത്ത ആശങ്കയിലാണെന്നും ഹംദുള്ള ചുണ്ടിക്കാട്ടി.
2020 ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരം ത്രിഭാഷാ ഫോർമുല നടപ്പിലാക്കുന്നതിനായാണ് ലക്ഷദ്വീപ് വി ദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ശക്തമായ എതിർപ്പ് ക്ഷണിച്ചു വരുത്തിയ ഈ തീരുമാനം സംബന്ധിച്ച് നേരത്തേ ആലോചനകളൊന്നു മുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. പുതുതായി സ്വീകരിച്ച ഭാഷാ പട്ടികയിൽ നിന്ന് അറബി, മഹൽ (ദിവേഹി) ഭാഷകളെ ഒഴിവാക്കിയതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് നിരവധി രക്ഷിതാ ക്കളും അധ്യാപകരും സമൂഹ നേതാക്കളും തന്നെ സമീപിച്ചിട്ടുണ്ടെന്ന് എം. പി പറഞ്ഞു. ആശങ്കകൾ ഇല്ലാതാക്കാൻ ഈ ഉത്തരവ് ഉടനടി പുനഃപരിശോധിക്കണമെന്ന് എം.പി നിവേദനത്തിൽ ശക്തമായി ആവശ്യപ്പെട്ടു. അറബിയും മഹലും ലക്ഷദ്വീപുകാരെ സംബന്ധിച്ചിടത്തോളം അക്കാദമിക് വിഷയങ്ങൾ മാത്രമല്ല, സാംസ്കാരിക സ്വത്വത്തിനും സമൂഹ ജീവിതത്തിനും സാക്ഷരതയ്ക്കും ഈ ഭാഷകൾ അവിഭാജ്യമാണ്. മതപരമായ പ്രബോധനത്തിൻ്റെ പ്രാഥമിക ഭാഷയാണ് അറബിക്. മദ്രസകളിലൂടെ കുട്ടികൾ വായിക്കാനും എഴുതാനും പഠിക്കുന്ന ആദ്യ ഭാഷയുമാണിത്. -അദ്ദേഹം വിശദീകരിച്ചു. മഹൽ മിനിക്കോയ് ദ്വീപിലെ ഏക തദ്ദേശീയ ഭാഷയാണ്, കൂടാതെ ദിവേഹി സംസാരിക്കുന്ന സമൂഹത്തിൻ്റെ അതുല്യമായ പൈതൃകത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ഈ ഭാഷകളെ ഒഴിവാക്കുന്നത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണ്. ഒരാളുടെ ഭാഷയും സംസ്കാരവും സംരക്ഷിക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 29(1) ഉറപ്പാക്കുന്നു. പ്രാദേശിക ഭാഷയോടുള്ള അനീതി കുടിയാണിത്.
രാജ്യത്തെ ഒരു പ്രദേശത്തും ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ പാടില്ല എന്ന ഉത്തരവിൻ്റെ ലംഘനം കൂടിയാണിത്. ലക്ഷദ്വീപ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടരി കെ.പി അഹമ്മദ് കോയയും ഇതു സംബന്ധിച്ച് നിവേദനം ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്.
