അഡ്വക്കേറ്റ്മാരായി എൻറോൾമെൻ്റ് ചെയ്തു

എറണാകുളം: ലക്ഷദ്വീപ് സ്വദേശികളായ അഞ്ചുപേർ അഡ്വക്കേറ്റ്മാരായി എൻറോൾമെൻ്റ് ചെയ്ത് ദ്വീപ് സമൂഹത്തിന് അഭിമാനമായ നേട്ടം സമ്മാനിച്ചു. കിൽത്താൻ ദ്വീപ് സ്വദേശികളായ സക്കീർ ഹുസൈൻ, സബീഹ് അമാൻ, കൽപ്പേനി ദ്വീപ് സ്വദേശികളായ ഡോ. ഷൗക്കത്തലി, ബിൻസിയാ ബാഖിർ, ആന്ത്രോത്ത് ദ്വീപ് സ്വദേശി റീമ എന്നിവർ എറണാകുളം ബാർ കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ അഡ്വക്കേറ്റ് എൻറോൾമെൻ്റ് സ്വീകരിച്ചു. രണ്ടുദിവസങ്ങളിലായി രണ്ട് സെക്ഷനുകളായി നടന്ന ചടങ്ങാണ് ബാർ കൗൺസിൽ സംഘടിപ്പിച്ചത്.

എൽഡി ക്ലർക്കായി സേവനം അനുഷ്ഠിച്ചിരുന്ന സക്കീർ ഹുസൈൻ ജോലിക്കിടെയാണ് ഉപരിപഠനത്തിനായി പോയതും എറണാകുളം ലോ കോളേജിൽ നിന്ന് എൽ.എൽ.ബി പൂർത്തിയാക്കുകയും ചെയ്തത്. കഴിഞ്ഞ വർഷമാണ് അദ്ദേഹം നിയമ ബിരുദം നേടിയതും ഈ വർഷം സുപ്രണ്ടായി വിരമിച്ചതും. വിരമിക്കലിന് പിന്നാലെയാണ് അഡ്വക്കേറ്റായി എൻറോൾ ചെയ്തത്.

ലക്ഷദ്വീപിലെ ആദ്യത്തെ മുനിസിഫും ജഡ്ജിയുമായിരുന്ന ബി. അമാനുള്ള സാഹിബിന്റെ മകനാണ് സബീഹ് അമാൻ. പിതാവിന്റെ നിയമമേഖലയിലെ പാരമ്പര്യം തുടർന്നുകൊണ്ട് സബീഹ് അമാനും നിയമ രംഗത്തേക്ക് കടന്നു.

ഡോക്ടർ ഷൗക്കത്തലി എൽ.എൽ.ബി നേടിയിരിക്കുന്നത് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നാണ്. എം.ബി.ബി.എസ് ഡോക്ടറായി ദീർഘകാലം സേവനം അനുഷ്ഠിച്ച ശേഷം റിട്ടയർ ചെയ്‌ത ഡോ. ഷൗക്കത്തലി ഇപ്പോൾ നിയമ രംഗത്തേക്ക് കടന്ന് പുതിയ തുടക്കം കുറിച്ചു.