അഞ്ജലി ഫെസ്റ്റിവലിൽ ആദ്യമായി ലക്ഷദ്വീപും

കവരത്തി: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കലാമാമാങ്കമായ *അഞ്ജലി ഫെസ്റ്റിവൽ*  ലേക്ക് ലക്ഷദ്വീപിൽ നിന്നുള്ള ഏഴ് വിദ്യാർത്ഥികൾ വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിക്കാനായി യാത്ര തിരിച്ചു. ഇന്ത്യയിലെ ആറായിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന ഈ മേളയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് ലക്ഷദ്വീപിൽ നിന്നുള്ള കുട്ടികൾക്ക് പങ്കെടുക്കാൻ കഴിഞ്ഞത് ദ്വീപിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിമാന നിമിഷമായി.

ഇന്ത്യയിലെ ഭിന്നശേഷി ഐക്കൺ കൂടിയായ ഹെലൻ കെല്ലർ അവാർഡ് ജേതാവ് ഉമർ ഫാറൂഖിന്റെ സജീവ ഇടപെടലാണ് വിദ്യാർത്ഥികൾക്ക് ഈ അപൂർവ അവസരം ലഭിക്കാൻ കാരണമായത്. വിദ്യാഭാസ വകുപ്പ് ഡയറക്ടർ, സെക്രട്ടറി, ഓഫിസർ, പി.എം. ശ്രീ സ്കൂൾ കോംപ്ലക്സിലെ പ്രിൻസിപ്പൽ, സ്പെഷ്യൽ ടീച്ചർമാർ, റിസോഴ്സ് പേഴ്സൺ എന്നിവർ നൽകിയ ശക്തമായ പിന്തുണയും പ്രോത്സാഹനവുമാണ് കുട്ടികളെ മികച്ച രീതിയിൽ പരിപാടിയിലേക്ക് അയക്കാൻ സഹായിച്ചത്.

ഈ നേട്ടം ലക്ഷദ്വീപ് വിദ്യാഭ്യാസ ചരിത്രത്തിലെ അഭിമാന പേജായി മാറിയിരിക്കുകയാണെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. കുട്ടികൾ മികച്ച പ്രകടനം നടത്തി കൂടുതൽ ഊർജ്ജത്തോടെയും ആത്മവിശ്വാസത്തോടെയും തിരിച്ചെത്താൻ എല്ലാവരുടെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും സംഘാടകർ അഭ്യർഥിച്ചു.