അഗത്തി ഉസ്താദിനെ വായിച്ചപ്പോൾ


-കെ.ബാഹിർ.


കഴിഞ്ഞ ദിവസങ്ങളിൽ ‘അഗത്തി ഉസ്താദ് ‘ എന്ന പുസ്തകത്തിൻ്റെ വായനയിലായിരുന്നു ഞാൻ. അഗത്തി ദ്വീപിലെ അബൂബക്കർ കാമിൽ സഖാഫി എന്ന മതപണ്ഡിതനെ ക്കുറിച്ചുള്ളതായിരുന്നു ആ പുസ്തകം. മലപ്പുറം സ്വലാത്ത് നഗറിലെ മഅദിൻ അക്കാദമിയുടെ പബ്ലിക്കേഷൻ ഡിപ്പാർട്ടുമെൻ്റായ ഉറവ പബ്ലിക്കേഷൻസാണ് 320 പേജുള്ള ഈ കനത്ത പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


വളരെ മനസ്താപത്തോടെയാണ് പുസ്തകം വായിച്ചു തീർത്തത്. ഇങ്ങനെയൊരു മഹാമനീഷി ഇത്രയും അടുത്ത് ഒരു പ്രകാശഗോപുരം പോലെ ജ്വലിച്ച് നിന്ന് പ്രകാശം പരത്തി കടന്നു പോയിട്ടും, അതിനെക്കുറിച്ച് അറിയാൻ സാധിക്കാതെ പോയതിൽ, അദ്ദേഹത്തെ കാണാനും പരിജയപ്പെടുവാനും സാധിക്കാതെ പോയതിൽ ഒക്കെയായിരുന്നു മനസ്താപം ഉണ്ടായത്.


വർഷങ്ങൾക്കു മുമ്പ് കിൽത്താൻ റഹ്മത്തുൽ ഇസ്ലാം മദ്രസയുടെ സ്വർണ്ണ ജൂബിലിയോടനുബന്ധിച്ച് 2007ൽ ഒരു സോവനീർ പ്രസിദ്ധീകരിക്കുവാൻ തീരുമാനിക്കുകയും എന്നെ അതിൻ്റെ ചീഫ് എഡിറ്ററായി നിയമിക്കുകയും ചെയ്തു.സോവനീറിലേക്കുള്ള മാറ്ററുകൾ ശേഖരിക്കുന്നതിനിടയിൽ മഅദിനിൽ അഗത്തി യിലെ ഒരു മുസ്ല്യാർ ഉണ്ടെന്നും എഴുതുന്ന ആളാണെന്നും ആരൊ പറഞ്ഞു. അതനുസരിച്ച് ഒരു ലേഖനം ആവശ്യപ്പെട്ടുകൊണ്ട് ഞാൻ അദ്ദേഹത്തിനൊരു ലെറ്റർ അയച്ചു.കത്ത് കിട്ടിയപ്പോൾ അദ്ദേഹമെന്നെ വിളിച്ചു. എന്ത് വിഷയത്തെക്കുറിച്ചാണ് എഴുതേണ്ടതെന്ന് ആരാഞ്ഞു. താങ്കൾക്ക് ഇഷ്ടമുള്ള ഏത് വിഷയവും ആകാം എന്ന് ഞാൻ മറുപടി നൽകി.
ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു കാൾ വന്നിരുന്നു എനിക്ക്.നിർഭാഗ്യവശാൽ ആ കാൾ അറ്റൻഡ് ചെയ്യാൻ എനിക്ക് സാധിച്ചിരുന്നില്ല. ഒന്നുരണ്ട് പ്രാവശ്യം ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചെങ്കിലും അറ്റൻഡ് ചെയ്തിട്ടില്ല. അപ്പോഴൊന്നും അബൂബക്കർ കാമിൽ സഖാഫി എന്ന മനുഷ്യൻ്റെ ദറജ അറിയുവാൻ എനിക്കു സാധിച്ചിരുന്നില്ല.2024 ഒക്ടോബർ മാസം അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു പോയതിൽ പിറകെ സോഷ്യൽ മീഡിയയിലും മറ്റും വന്ന കുറിപ്പുകളിലൂടെയാണ് അദ്ദേഹത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ അറിയുവാൻ സാധിച്ചത്.
പുസ്തകത്തിൻ്റെ ഇതളുകളിൽ നിന്നും വിജ്ഞാനത്തിൻ്റെ മധുനുകർന്നു പോകുമ്പോൾ അദ്ദേഹത്തെക്കുറിച്ച് എൻ്റെ മനസ്സിൽ നിറഞ്ഞു നിന്ന വിശേഷണം “ദി മോസ്റ്റ് ബുക്കിഷ് മാൻ ” എന്നാണ്. പുസ്തകങ്ങളെ അത്ര മാത്രം സ്നേഹിച്ച, ആഗ്രഹിച്ച ഒരാളും ഈ ലക്ഷദ്വീപിൽ ഉണ്ടാകും എന്ന് തോന്നുന്നില്ല. ഒരു പ്രത്യേക വിഷയത്തിലുള്ള പുസ്തകങ്ങൾ ശേഖരിക്കുന്ന ഒരാളെന്ന നിലയിൽ അതിൻ്റെ ക്ലേശങ്ങൾ ഏറക്കുറെ എനിക്കറിയാവുന്നതാണ്.
ചരിത്രം, മതപരം, സയൻ്റിഫിക്ക് വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങൾ അന്വേഷിച്ച് കണ്ടെത്തുകയും അവ മറ്റുള്ളവർക്ക് കൂടി ലഭ്യമാക്കുകയും ചെയ്യാൻ അക്ഷീണം പ്രവർത്തിച്ച ഒരാളായിരുന്നു അദ്ദേഹം. അമൂല്യവും പുരാതനവും അപൂർവ്വവുമായ കൃതികൾ തേടിപ്പിടിച്ച് കണ്ടെത്തി അതിൻ്റെ കോപ്പിയെടുത്ത് പഴയ ബൈൻഡിംഗ് സമ്പ്രദായമായ ജിൽദ് കെട്ടി ഒരു കോപ്പി മഅദിൻ കുതുബ്ഖാനയിലേക്കും മറ്റൊന്ന് ആ കൃതിയുടെ കൈവശക്കാർക്കും നൽകും. മറ്റൊരു കോപ്പി തൻ്റെ ശേഖരണത്തിലും സൂക്ഷിക്കും.ഇതിൻ്റെ pdf എടുത്ത് അദ്ദേഹത്തിൻ്റെ കമ്പ്യൂട്ടറിൽ പ്രത്യേകം ഫോൾഡറുകളിൽ സൂക്ഷിക്കും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കുമെല്ലാം ഇവ യഥേഷ്ടം കോപ്പി ചെയ്ത് കൊടുക്കും. ഏതാനും പേജുകൾ മാത്രം ആവശ്യമുള്ളവർക്ക് അവ പ്രിൻ്റ് എടുത്തും കൊടുക്കും. ഇങ്ങനെയുള്ള ആയിരക്കണക്കിന് കിത്താബുകളാണ് അദ്ദേഹം കണ്ടെത്തിയിട്ടുള്ളത്.
പുസ്തകങ്ങളും കിത്താബുകളും ശേഖരിക്കുന്നതിനോടൊപ്പം വായനയും എഴുത്തും അതിനു സമാന്തരമായി മുന്നോട്ടു കൊണ്ടുപോയി. മതവും ചരിത്രവും ശാസ്ത്രവും ഗണിതവും ഗോള ശാസ്ത്രവും ടെക്നോളജി കളുമെല്ലാം അദ്ദേഹത്തിൻ്റെ ഇഷ്ട വിഷയങ്ങളായിരുന്നു. തദ്വിഷയങ്ങളിലുള്ള വായനയും പഠനവും എഴുത്തും നിലയ്ക്കാതെ പ്രവഹിച്ചു.


മുൻ കാല പണ്ഡിതൻമാർ എഴുതിയ പ്രസിദ്ധീകരിക്കാത്ത കൃതികൾ കണ്ടെത്തി അവയെ ടൈപ്പ് ചെയ്തെടുത്ത് അതിൻ്റെ മറ്റേതെങ്കിലും പ്രതി ലഭിച്ചിട്ടുണ്ടെങ്കിൽ അതുമായി ഒത്ത് നോക്കി വിശകലനക്കുറിപ്പുകൾ തയ്യാറാക്കി pdf ഫോർമാറ്റിൽ അദ്ദേഹം അവയെ സൂക്ഷിച്ചു. ഇങ്ങനെയുള്ള 82 കൃതികൾ.
സ്വന്തമായി തയ്യാറാക്കിയ അല്ലെങ്കിൽ എഴുതിയ 14 പുസ്തകങ്ങൾ. വിവിധ വിഷയങ്ങളിലുള്ള പഠനങ്ങൾ ലേഖനങ്ങൾ എന്നിവ 10 എണ്ണം. മാസപ്പിറവി, നിസ്കാര സമയം, വാസ്തു ശാസ്ത്രം, പോലെയുള്ള വിഷയങ്ങളിൽ തയ്യാറാക്കിയ 17 കൃതികൾ.പോക്കറ്റ് കിത്താബുകൾ 6. ഇങ്ങനെ അനേകം രചനകൾ.
വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്നതിനായി വിവിധ വിഷയങ്ങളിൽ കുറിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിനും ഓരോ നോട്ട് ബുക്ക്. ഇങ്ങനെയുള്ള അനേകം നോട്ടുബുക്കുകൾ.
സിലബസ്സിനു പുറമെ വിദ്യാർത്ഥികൾക്ക് മറ്റ് പല കിത്താബുകളും അദ്ദേഹം പഠിപ്പിച്ചു കൊടുത്തിരുന്നു. 112 കിത്താബുകളാണ് ഈ ഇനത്തിൽ ഉള്ളത്.


പള്ളികളിലും പഴയ തറവാടുകളിലും ഗ്രന്ഥശാലകളിലും പോയി കയ്യെഴുത്ത് പ്രതികളും പഴയ കോപ്പികളും കണ്ടെത്തി അവയെ വീണ്ടെടുക്കുകയും സംരക്ഷിക്കുകയും ചെയ്തു.
മഅദിൻ അക്കാദമിയിലെ അദ്ദേഹത്തിൻ്റെ മുറി ഒരു വർക്ക്ഷോപ്പ് പോലെയാണ് വർത്തിച്ചത്. ടൈപ്പിംഗ്, സ്കാനിംഗ്, പ്രിൻ്റിംഗ്, ബൈൻഡിംഗ് എല്ലാം അനുസ്യൂതം നടന്നു.
ലളിതവും സരസവും ശാസ്ത്രീയവുമായ രീതികളിൽ അദ്ദേഹം തൻ്റെ അദ്ധ്യാപനം തുടർന്നു. നൂറു കണക്കിന് ശിഷ്യൻമാരെ അദ്ദേഹം വാർത്തെടുത്തു. ഒരു പാട് ശിഷ്യൻമാർക്ക് ഉസ്താദിൻ്റെ ഗുണകണങ്ങൾ പകർന്നു കിട്ടി. വിദ്യാർത്ഥികളും സഹപ്രവർത്തകരും നാട്ടുകാരും അഗത്തി ഉസ്താദ് എന്ന് ബഹുമാന പുരസ്സരം സ്നേഹപൂർവ്വം സംബോധന ചെയ്തു.


വീട്ടിൽ അതിഥികളെ എന്നും വിരുന്നൂട്ടി.തൻ്റെ വീടിനെ ‘നസീമാസ് തട്ടുകട’ എന്നാണ് അദ്ദേഹം തമാശയായി വിശേഷിപ്പിച്ചിരുന്നത്. ഉസ്താദുമാരെയും സുഹൃത്തുക്കളെയും എല്ലാം സന്ദർശിക്കാൻ പോകുമ്പോൾ ഒരു പാട് വീട്ടു സാമാനങ്ങളുമായിട്ടായിരുന്നു അദ്ദേഹം പോയിരുന്നത്.
അഗത്തിയിലെ കൽക്കണ്ടിയോട കുഞ്ഞിക്കോയാ കൂടത്തപ്പാട മറിയം എന്നിവരുടെ മകനായി 1971 ലാണ് അദ്ദേഹം ജനിക്കുന്നത്.
കോഴിക്കോട് പറമ്പിൽക്കടവ്, വെങ്ങളം ചീനച്ചേരി, അത്തോളിപറമ്പത്ത് തനിയാടത്ത്, അന്താവൂർ ,നിരമത്തൂർ കോരങ്ങത്ത്, എന്നിവിടങ്ങളിൽ 12 വർഷക്കാലത്തെ ദർസ് പഠനം. മർക്കസ് സഖാഫത്തി സുന്നിയയിൽ ഉപരിപഠനം.1999 ൽ ഫാളിൽ സഖാഫി ,2000 ൽ കാമിൽ സഖാഫി ബിരുദങ്ങൾ കരസ്ഥമാക്കി.
2001 മുതൽ 2024 ൽ മരണപ്പെടുന്നത് വരെ മലപ്പുറം മഅദിൻ അക്കാദമിയിൽ അദ്ധ്യാപകനായി 24 വർഷക്കാലം സേവനമനുഷ്ഠിച്ചു.


ലക്ഷദ്വീപിൽ നിന്നും ഉദിച്ചുയർന്ന രണ്ട് വെള്ളിനക്ഷത്രങ്ങളാണ് 2019 ൽ കർണ്ണാടകയിലെ മിതബയിൽ ഗ്രാമത്തിൽ മരണമടഞ്ഞ ബിയ്യക്കോയാ ഉസ്താദും 2024 ൽ മലപ്പുറം സ്വലാത്ത് നഗറിൽ മരണമടഞ്ഞ അഗത്തി ഉസ്താദും.
പത്ത് കിത്താബും ,ഫത്ഹുൽ മുഈനും, നഹ് വും പഠിച്ച് നിസ്ക്കാരപ്പള്ളി കളുടെ പക്കങ്ങളിൽ ഇരുന്ന്, ബിസ്മില്ലാഹി റഹ്മാനിർറ ഹീം, അള്ള എന്ന ഇസ്മ് കൊണ്ട് തുടങ്ങുന്നു.എങ്ങനക്കൊത്ത അള്ളാ വഴിപ്പെട്ട മുഅമിനീങ്കൾക്കും വഴിപ്പെടാത്ത മുശ്രിക്കീ ങ്കൾക്കും ഒരുപോലെ ഗുണം ചെയ്യുന്നവൻ….. എന്നിങ്ങനെ കിത്താബ് ചൊല്ലിക്കൊടുത്ത പൂർവ്വികരായ മുൻഗാമികളിൽ നിന്നും പണ്ഡിത സഭയുടെ മുശാവറയിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിലേക്കും പടർന്നു കയറിയവർ.
വിജ്ഞാനത്തിൽ അഗ്രഗണ്യരും വിനയത്തിൻ്റെ ആൾരൂപങ്ങളുമായിരുന്നു അവർ.
നിയന്താവ് അവരുടെ ദറജ ഏറ്റിയേറ്റി കൊടുക്കട്ടെ.
വിനയം കൊണ്ടും വിജ്ഞാനം കൊണ്ടും അധ്യാപനം കൊണ്ട് മാതൃക കാട്ടിയവരാണവർ.ഏത് സമൂഹത്തിനും സ്വീകരിക്കാവുന്ന ഉത്തമമായ മാതൃകയാണവർ.