✍️Mahada Hussain. T. I
കിൽത്താൻ: 2025-ലെ ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് കിൽത്താൻ ദ്വീപിൽ നടത്തേണ്ടി വന്നത് കിൽത്താൻ ദ്വീപുകാരുടെ നിയമ പോരാട്ടത്തിന്റെ ഫലമായാണ്. ലക്ഷദ്വീപ് Sports and Youth Affairs ലെ ചില സ്വാർത്തന്മാരായ ഉദ്യോഗസ്ഥർ കിൽത്താൻ ദ്വീപിനെ ഒഴിവാക്കി സ്വന്തം ദ്വീപിനെ വേദിയായി നിശ്ചയിച്ചതിനെതിരെ കിൽത്താനിലെ ക്ലബ്ബുകളും മറ്റു സന്നദ്ധ സംഘടനകളും നിരന്തരമായ ഇടപെടലുകൾ നടത്തുകയും അവസാനം ഈ വിഷയം നിയമ പോരാട്ടത്തിലേക്ക് ചെന്നെത്തുകയും, സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻമാരായ എൻ. മുഹമ്മദ് ഇക്ബാൽ, യാസർ അറഫാത്ത്, റീജിയണൽ സ്പോർട്സ് കൗൺസിൽ സെക്രട്ടറി മുഹമ്മദ് സിയാദ് എന്നിവരെ ഹരജിക്കാരാക്കി ക്ലബ്ബുകാരുടെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്നും പിരിവെടുത്താണ് കേരള ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തിയത്.
2024 ഒക്ടോബർ 28-ന് ബഹു ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ കിൽത്താൻ ദ്വീപിനെ ആവർത്തിച്ച് ഒഴിവാക്കുന്നത് നീതിയുക്തമല്ലെന്നും, കിൽത്താൻ ദ്വീപിന് ആവശ്യമായ പരിഗണന നൽകണമെന്നും Sports and Youth Affairs നോട് ബഹു കോടതി നിർദ്ദേശിക്കുകയും ചെയ്തു.
അഡ്മിനിസ്ട്രേഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ “കിൽത്താനിൽ ആവശ്യമായ താമസ സൗകര്യങ്ങൾ ഇല്ല, ഗ്രൗണ്ടിന്റെ വലുപ്പം പോരാ” എന്ന വാദമാണ് മുഖ്യമായും ഉന്നയിച്ചത്. എന്നാൽ ഹർജിക്കാർ സമർപ്പിച്ച രേഖകളും, സ്കൂൾ പ്രിൻസിപ്പൽ നൽകിയ കത്തും കിൽത്താനിൽ പരിപാടി സംഘടിപ്പിക്കാൻ ആവശ്യമായ സൗകര്യങ്ങൾ സുലഭമാണെന്ന് തെളിയിച്ചു.
കോടതി വിധിയെത്തുടർന്ന് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിന് നിർബന്ധിതമായി LSG 2025 കിൽത്താനിൽ സംഘടിപ്പിക്കേണ്ടി വന്നു എന്നതാണ് യാഥാർഥ്യം. കിൽത്താനിൽ സൗകര്യമില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ അതേ സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഉദ്യോഗസ്ഥർ ഇപ്പോൾ LSG 2025-ലെ ഉദ്ഘാടന വേദിയിൽ അഭിമാനത്തോടെ ഇരിക്കുന്നത് തന്നെ പരിഹാസ്യമാണ്.
കിൽത്താനിൽ പരിപാടി നടക്കുന്നതിനായി പുതിയ കെട്ടിടങ്ങളൊന്നും നിർമിക്കേണ്ടി വന്നിട്ടില്ലെന്നും ഗ്രുണ്ടിന് വലിപ്പം കൂട്ടേണ്ടി വന്നിട്ടില്ലാ എന്ന യാഥാർത്ഥ്യങ്ങൾ തന്നെ, ഹൈക്കോടതിയിൽ ഈ ഉദ്യോഗസ്ഥർ ഉന്നയിച്ച കള്ളവാദങ്ങൾ പൊളിച്ചെഴുതുന്ന ജീവിക്കുന്ന തെളിവാണ്. ഇത്തരം ഉദ്യോഗസ്ഥർക്ക് പരവധാനി വിരിക്കാനും പൊന്നാടയുടുപ്പിക്കാനും ഒരു കിൽത്താൻ ദ്വീപ്കാരനും തയ്യാറാവാതിരിക്കുക. കാരണം നിവർത്തി കേട് കൊണ്ട് കിൽത്താനിൽ പരിപാടി സംഘടിപ്പിക്കേണ്ടി വന്ന വിഷമത്തിലാണ് ഇവരിൽ പല ഉദ്യോഗസ്ഥരും.
കിൽത്താൻ ദ്വീപിനെ നിരന്തരം അവഗണിക്കാനുള്ള നടപടികൾക്കെതിരെ സമൂഹം ഒന്നടങ്കം ഒറ്റക്കെട്ടായി നിന്ന് നിയമപോരാട്ടം നടത്തിയതിലൂടെ ലഭിച്ച വിജയമാണ് ഇന്ന് കിൽത്താനിൽ നടക്കുന്ന ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് വേദിയെന്ന് പലരേയും ഓർമിപ്പിക്കാനാണ് ഈ കുറിപ്പ്.
LSG 2025 നിയമപോരാട്ടത്തിന്റെ ഒരു ഓർമപ്പെടുത്തൽ.
