– ആശി ഉബൈദ് ചെത്ത് ലാത്ത്
ചെത്ത്ലാത്ത് ദ്വീപിൻ്റെ പൊതു മണ്ഡലത്തിൽ നിറഞ്ഞു നിന്ന് നാടിൻ്റെ സാംസ്കാരിക മേഖലയിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു സാംസ്കാരിക നായകൻ കൂടി വിടപറഞ്ഞിരിക്കുന്നു.
സ്നേഹ നിധിയായ ഡോക്ടർ പി ടി സൈദ് ഇസ്മയിൽ കോയ 2026 മാർച്ച് ഒന്നിന് ഓർമ്മയായി.
1949 മെയ് ആറാം തീയതി പ്രസിദ്ധമായ പള്ളിത്തിത്തിയോട തറവാട്ടിലാണ് ജനിച്ചത്. പിതാവ് ചെറിയകോയ തെക്കിള മേലിളപുര മാതാവ് മലേഖാബി പള്ളി തിത്തിയോട.
ചെത്ത്ലത്തിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഹൈസ്കൂൾ പഠനത്തിനായി അമിനിയിലേക്ക് പോയി.
ഹൈസ്ക്കൂൾ പഠനം അവിടെ പൂർത്തിയാക്കിയ ശേഷം
പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു പ്രീ ഡിഗ്രി നല്ല മാർക്കോടെ പാസ്സായി,
പഠനത്തിൽ വളരെ മികവ് പുലർത്തിയ അദ്ദേഹത്തിന് ആരോഗ്യ സേവനം വലിയൊരു ആഗ്രഹമായിരുന്നു.
അങ്ങനെയാണ് വീട്ടുകാർ അദ്ദേഹത്തെ മെഡിസിൻ പഠനത്തിന് അയച്ചത്.
ആന്ധ്രപ്രദേശിലെ ഹൈദരാബാദിലുള്ള ഉസ്മാനിയ മെഡിക്കൽ കോളേജിൽ ആയിരുന്നു MBBS പഠനം.
വിദ്യാഭ്യാസ തൊഴിൽ മേഖലയിൽ വളരെ പിന്നോക്കം നിന്ന നമ്മുടെ നാട്ടിൽ നിന്ന് പഠിച്ചുയർന്ന രണ്ടാമത്തെ ഡോക്ടറായിരുന്നു അദ്ദേഹം . എല്ലാവരോടും സ്നേഹവും വാത്സല്യവും നിറഞ്ഞ സൗമ്യതയുള്ള പെരുമാറ്റം കൊണ്ട് കുറഞ്ഞ കാലം കൊണ്ട് തന്നെ നാട്ടുകാരുടെ പ്രിയപ്പെട്ട ഡോക്ടറായി മാറാൻ അദ്ദേഹത്തിന് സാധിച്ചു.
പരിമിതമായ യാത്രാ സൗകര്യങ്ങൾ ഉള്ള ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞ കാലത്ത് ജീവിതത്തിൻ്റെ പ്രാരാബ്ധങ്ങൾ മനക്കരുത്തോടെ നേരിട്ട് പഠനത്തിൻ്റെ വിജയ വഴികൾ താണ്ടി തൻ്റെ ജീവിതത്തിൻ്റെ ലക്ഷ്യം കൃത്യതയോടെ നേടിയെടുത്തു.
വിജ്ഞാനവും സേവനവുമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം സാമ്പത്തികമായ ലക്ഷ്യങ്ങൾ ഒന്നും അദ്ദേഹത്തിൻ്റെ അജണ്ടയിൽ ഇല്ലായിരുന്നു.
വളരെ എളിമയും തെളിമയുള്ള ജീവിതം.
തനിക്ക് പടച്ചവൻ കനിഞ്ഞു തന്ന വൈദീകതയുടെ കൈപ്പുണ്യവും സാന്ത്വന വാക്കുകളും കൊണ്ട് രോഗികൾക്ക് സമാശ്വാസം പകർന്ന നല്ലൊരു മനുഷ്യസ്നേഹിയായിരുന്നു.
UPSC എന്ന കടമ്പ കടക്കാൻ സാധിക്കാത്തത് കൊണ്ട് ഗവണ്മെൻ്റ് സർവീസിൽ ഒരു പെർമനൻ്റ് ഡോക്ടർ ആകാൻ അവസരം ഇല്ലാതെ പോയത് നമ്മുടെ നാടിന് വലിയ നഷ്ടമായിരുന്നു.
കേരളക്കരയിൽ പത്തനംതിട്ടയിലെ തിരുവല്ലയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ഏഴ് വർഷം അദ്ദേഹം സേവനമനുഷ്ഠിച്ചു
പിന്നീട് ചേറ്റുവാ എം ഇ എസ് ഹോസ്പിറ്റലിലും കുറച്ചുകാലം
ദ്വീപിൽ അവസരം ലഭിച്ചപ്പോൾ അഗത്തി ചെത്ത്ലാത്ത്, അമിനി ദ്വീപുകളിലും ആതുര സേവനം ചെയ്തു.
പിന്നീട് അദ്ദേഹം കോഴിക്കോട് ഫറൂക്കിലുള്ള പ്രശസ്തമായ റെഡ് ക്രസൻ്റ് ഹോസ്പിറ്റലിലാണ് കൂടുതൽ കാലം ജോലി ചെയ്തത്.
ഈ കാലയളവിൽ കേരളക്കരയിലെ പ്രമുഖരായ മത പണ്ഡിതന്മാരുമായി നല്ല ആത്മബന്ധം സ്ഥാപിക്കുകയും അവരുടെ സേവനങ്ങൾ ദ്വീപിൽ ഉപയോഗപ്പെടുത്തുകയും ചെയ്തുകൊണ്ട് ആത്മീയ ജീവിതത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി തുടങ്ങി.
വിദ്യാഭ്യാസ മേഖലയിൽ തൻ്റെ നാടിൻ്റെ പിന്നോക്കാവസ്ഥ മെച്ചപ്പെടുത്തണം എന്ന അതിയായ ആഗ്രഹംകൊണ്ട് ഒരുപാട് ചെറുപ്പക്കാരായ കുട്ടികളെ ഉന്നത പഠനത്തിന് വേണ്ടി പ്രോത്സാഹിപ്പിക്കുകയും കഴിവിൻ്റെ പരമാവധി സഹായിക്കുകയും ചെയ്തിരുന്നു.
സ്വദേശത്തെ സാംസ്കാരിക മേഖലകളിൽ തൻ്റെ ദൗത്യം നിറവേറ്റുന്നതിന് പല വിധ പദ്ധതികളും അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു.
അക്കാലത്ത് മുനവ്വിറുൽ ഇസ്ലാം മദ്രസ്സയിൽ ഒരു ഇസ്ലാമിക് ലൈബ്രറി തുടങ്ങുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങൾക്ക് നേതൃത്വം നൽകിയ മഹത് വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. പ്രസ്തുത വായന ശാല അന്നത്തെ അഡ്മിനിസ്ട്രേറ്റർ ശ്രീ വജത്ത് ഹബീബുള്ളയെ കൊണ്ടുവന്ന് ഉദ്ഘാടനം ചെയ്യിക്കുകയും വളരെ വിലപ്പെട്ട ചരിത്ര പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും കൊണ്ടുവന്ന് അറിവിൻ്റെ പുതിയൊരു വാതായനം നാട്ടുകാർക്ക് തുറന്ന് കൊടുത്തു.
1992 ൽ ലക്ഷദ്വീപിൽ ഐലൻഡ് കൗൺസിൽ നിലവിൽ വന്നപ്പോൾ അഞ്ചാം വാർഡിൽ നിന്നും മത്സരിച്ചിരുന്നു എങ്കിലും വിജയിക്കാനായില്ല.
ജീവിതത്തിൽ പല ഘട്ടങ്ങളിലും നേരിട്ട പരാജയങ്ങളൊന്നും അദ്ദേഹത്തെ ഒട്ടും നിരാശപ്പെടുത്തിയില്ല.
വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ ഏറെ ചലനങ്ങൾ ഉണ്ടാക്കുന്ന ന്യൂതന ആശയങ്ങൾ കണ്ടെത്തുകയും അത് നടപ്പിൽ വരുത്തുന്നതിന് രാഷ്ട്രീയ ഭേദമന്യേ നാട്ടിലെ വിദ്യാസമ്പന്നരായ പ്രമുഖരെ ഉൾപ്പെടുത്തി ആശി അലി കൾച്ചറൽ സെൻറർ എന്ന മഹത്തായ സംസ്കാരിക സംഘടനയ്ക്ക് രൂപം നൽകി.
ചെത്ത്ലാത് ദ്വീപിൽ വടക്ക് കുളിക്കരയിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ വലിയ്യ് ആശി അലി ജീവിത കാലത്ത് ജുമാ മസ്ജിദ് നിർമ്മിച്ച കാലയളവിൽ താമസിച്ച വീടാണ് പള്ളിത്തിത്തിയോട.
മഹാനവർകളുടെ മധുരസ്മരണകൾ നിറഞ്ഞു നിൽക്കുന്ന ആ ഭവനത്തിൽ തന്നെ ആശി അലി സാംസ്കാരിക കേന്ദ്രം പ്രവർത്തിപ്പിക്കണം എന്നതായിരുന്നു അദ്ദേഹത്തിൻ്റെ അതിയായ ആഗ്രഹം.
അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ട് അത് സാധ്യമായി.
തറവാട്ട് വക ലഭിച്ച സ്ഥലത്ത് വീട് പുനർ നിർമ്മിച്ചപ്പോൾ അതിനായി പ്രത്യേകം ഓഫീസ് റൂം സംവിധാനിച്ചിരുന്നു.
ആശിഅലിയുടെ സ്മരണക്കായി പള്ളിത്തിതിയോട വീട്ടുകാർ സൂക്ഷിക്കുന്ന “നേർച്ചയ കട്ടിൽ” ഈ വീട്ടിലാണ്.
പിൽക്കാലത്ത് നാട്ടിൽ ഒരു ഇസ്ലാമിക് നഴ്സറി എന്ന ഒരുപാട് കാലത്തെ ആവശ്യം നിറവേറ്റപ്പെട്ടതും ആശി അലി സെൻ്റർ കേന്ദ്രീകരിച്ച് സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ “അലിഫ്” എന്നപേരിൽ പ്രസ്തുത നഴ്സറിക്ക് തുടക്കം കുറിച്ചു കാലക്രമേണ കുട്ടികൾ അധികരിച്ചത് കാരണം കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
സ്കൂൾ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പള്ളിത്തിത്തിയോട വീടിൻ്റെ പടിഞ്ഞാറ് വശത്ത് താൽക്കാലികമായി ഷെഡ് നിർമ്മിച്ച് അതിൽ പ്രമുഖരായ അധ്യാപകരുടെ നേതൃത്വത്തിൽ ട്യൂഷൻ ക്ലാസ് നടത്തി വന്നിരുന്നു.
കടലിനോട് മല്ലിട്ട് ജീവിക്കുന്ന ദ്വീപ് നിവാസികൾക്ക് ഏറെ ആവശ്യമായ നാവിക ശാസ്ത്ര പഠനം പുതിയ തലമുറക്ക് പകർന്ന് കൊടുക്കുന്നതിന് കാക്കയില്ലം ജായിക്കോയയെ പോലുള്ള മഹാന്മാരായ മാൽമികളുടെ നേതൃത്വത്തിൽ പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ച് അവസരം ഒരുക്കി.
പ്രസ്തുത കാര്യങ്ങൾക്കെല്ലാം പ്രിയപ്പെട്ട മുത്തിയകോയ തന്നെയാണ് ഓടിനടന്ന് നേതൃത്വം നൽകിയത്.
ഹജ്ജ് ക്ലാസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആശി അലി സെൻ്റർ കേന്ദ്രീകരിച്ച് നടത്തണം എന്നത് അദ്ദേഹത്തിൻ്റെ വലിയൊരു സ്വപ്നമായിരുന്നു.
തൻ്റെ പ്രിയപ്പെട്ട മാതാവ് കിടപ്പിലായപ്പോൾ അടുത്ത് നിന്ന് പരിചരണം നൽകാനുള്ള അതിയായ ആഗ്രഹത്തോടെയാണ്
റെഡ് ക്രസൻ്റ് ഹോസ്പിറ്റലിലെ സേവനം അവസാനിപ്പിച്ച് സ്വദേശമായ ചെത്ത് ലാത്തിലേക്ക് വന്നത്.
നാഷണൽ ഹെൽത്ത് മിഷന് താഴെ GDMO ആയി ജോലി കിട്ടി ചെത്ത്ലാത്ത് PHC യിൽ സേവനം ചെയ്യുമ്പോഴാണ് സ്ട്രോക്ക് ബാധിച്ച് ശരീരത്തിൻ്റെ ഒരു ഭാഗം തളർന്ന് പോയത്. ഏകദേശം അറുപത് വയസ്സിനോട് അടുത്തസമയത്ത് ഇങ്ങനെ ഒരു രോഗം കടന്ന് വന്നപ്പോൾ
പൊതു ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്ന് സംശയമായിരുന്നു.
ചികിത്സക്ക് വേണ്ടി ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരുന്നു. അങ്ങനെയാണ് രോഗികൾ കുറവുള്ള ബിത്രയിൽ സേവനം ചെയ്യാൻ എത്തുന്നത്. മരുന്ന് ചികിത്സയോടൊപ്പം നല്ല രീതിയിലുള്ള ഫിസിയോ തെറാപ്പിയും ആവശ്യമായിരുന്നു. ബിത്രയിലെ പ്രശസ്തമായ മത്തലുമ്മാ നഗർ നിലകൊള്ളുന്ന കിഴക്കേ കടൽ തീരത്തുള്ള പൂഴിമണ്ണിൽ രാവിലെയും വൈകുന്നേരവും ചെരിപ്പ് ഒഴിവാക്കി പരസഹായത്തോടെ നിരന്തരം നടന്ന് നടന്ന് മാസങ്ങളുടെ പരിശ്രമംകൊണ്ട് പരസഹായം കൂടാതെ നടക്കാൻ സാധിച്ചു . ശരീരത്തിന് ബലക്കുറവ് ഉണ്ടെങ്കിലും തളരാത്ത മനക്കരുത്തുകൊണ്ട് രോഗത്തെ അതിജയിക്കാൻ സാധിച്ചു.
തൻ്റെ സേവനം ആഗ്രഹിച്ചു വരുന്നവരെ ഒരു വിധത്തിലും നിരാശപ്പെടുത്തിയില്ല പിന്നെയും കുറെക്കാലം ജോലി ചെയ്തശേഷം പ്രായാധിക്യവും രോഗാവസ്ഥയും കാരണം ആരോഗ്യ സേവനം അവസാനിപ്പിച്ച് സ്വദേശത്ത് വിശ്രമ ജീവിതത്തിലേക്ക് തിരിഞ്ഞത്.
മതപരമായ അറിവ് സമ്പാദിക്കുന്നതിലും, പണ്ഡിതന്മാരോടൊപ്പം സഹവിക്കുന്നതിലും ആത്മീയ സദസ്സുകളിൽ പങ്കെടുക്കുന്നതിനും അതീവ താൽപ്പരനായിരുന്നു.
നാടിൻ്റെ ചരിത്ര രേഖകൾ ശേഖരിച്ച് പുതു തലമുറക്ക് പരിചയപ്പെടുത്താൻ ഉതകുന്ന രീതിയിൽ സൂക്ഷിക്കുന്ന പതിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു.
ആശി അലിയുടെ നേർച്ചപാട്ട് കെട്ടിലും മട്ടിലും ഒരു പുസ്തകമായി ഇറക്കിയതിന് നേതൃത്വം നൽകിയതും അദ്ദേഹമാണ്.
ആശി അലിയുടെ ജീവ ചരിത്ര പുസ്തകത്തിൻ്റ ഒരുക്കപ്പാടിലായിരിക്കെയാണ് അദ്ദേഹം കിടപ്പിലായത്.
അദ്ദേഹം ജീവന് തുല്യം സ്നേഹിച്ച വലിയ സമ്പാദ്യമായിരുന്നു ആശി അലി സെൻ്റർ അത് ജീവനോടെ നിലനിൽക്കണം എന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. അഞ്ചു വർഷം മുമ്പ് സെൻ്ററിൻ്റെ കമ്മിറ്റി പുന സംഘടിപ്പിക്കുകയും തൻ്റെ പ്രിയ സുഹൃത്തും ലക്ഷദ്വീപിലെ അറിയപ്പെട്ട സാഹിത്യകാരനുമായ ചാളകാട് ജായിക്കോയയെ വർക്കിംഗ് പ്രസിഡൻറായി നിയമിക്കുകയും ചെയ്തത്.
പ്രിയപ്പെട്ട മുത്ത്യക്കോയ നമുക്ക് മുന്നിൽ നിന്ന് അനിവാര്യമായ കാലത്ത് അടയാളപ്പെടുത്തപ്പെട്ട വഴികളിൽ കാലികമായ മാറ്റങ്ങളോടെ ഇനിയും ഏറെ സഞ്ചരിക്കാനുണ്ട് …
തിരക്ക് പിടിച്ച പൊതു ജീവിതത്തിലും , നാട്ടിലെ സാമൂഹ്യ സംസ്കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമായി ശോഭിച്ച് നിൽക്കുമ്പോഴും , കഷ്ടതകൾ നിറഞ്ഞ വാർദ്ധക്യ ജീവിതത്തിലും രോഗാവസ്ഥയിലും നിറഞ്ഞ സ്നേഹത്തോടെ ചേർത്ത് നിർത്തിയ പ്രിയ പത്നി ആശിയോട ഐശോമ്മാബിയും,സഹോദരി തക്കിയ സാറോമ്മാബിയും മക്കളും വളരെ നല്ല രീതിയിലാണ് പരിചരിച്ചത്.
ഒരു മുസ്ലിമായ മനുഷ്യൻ മരണപ്പെട്ട് കഴിഞ്ഞാൽ അദ്ദേഹത്തിൻ്റെ നല്ല കാര്യങ്ങൾ സംസാരിക്കാനാണ് മതം നമ്മോട് പഠിപ്പിക്കുന്നത് .1980 കളുടെ അവസാനത്തിൽ ലക്ഷദ്വീപിൽ പ്രസിദ്ധീകരിച്ചിരുന്ന അൽ ഖലം എന്ന ഇസ്ലാമിക മാസികയിൽ ജസരി എൻ്റെ മാതൃഭാഷ എന്ന പേരിൽ അദ്ദേഹം എഴുതിയ ലേഖനത്തിലൂടെയാണ് ദ്വീപു ഭാഷ ജസരിയാണെന്ന വാദം ദ്വീപു സമൂഹത്തിൽ ഉണ്ടായത്.
നമ്മുടെ ദ്വീപിൽ ജനിച്ച് ഏറെ സേവന തൽപരനായി ജീവിച്ച് പരിശുദ്ധ റംസാനിലെ പവിത്രമായ ദിവസം 77 മത്തെ വയസ്സിൽ അല്ലാഹുവിൻ്റെ വിളിക്ക് ഉത്തരം നൽകി യാത്രയായി. കുടുംബത്തിലെ ബന്ധുമിത്രാതികൾക്ക് അരികെ ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് അദ്ദേഹത്തിൻ്റെ ഖബറിടം.
ഏറെ ധന്യമായിരുന്നു ആ ജീവിതം.
- ആശി ഉബൈദ്
