കിൽത്താൻ: 34-ആമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് കിൽത്താൻ ദ്വീപ് വേദിയാക്കുമെന്ന് സ്പോർട്സ് & യൂത്ത് അഫയേഴ്സ് ഡയറക്ടർ അറിയിച്ചു. ലക്ഷദ്വീപ് സ്കൂൾ ഗെയിംസിനായി വർഷങ്ങളായി കിൽത്താൻ ദ്വീപിലെ വിദ്യാർത്ഥികളും യുവാക്കളും പൊതുജനങ്ങളും ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. 2012 ലാണ് അവസാനമായി കിൽത്താൻ ദ്വീപിൽ കായികമേള നടന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 34 ആമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് കിൽത്താൻ ദ്വീപിൽ സംഘടിപ്പിക്കുമെന്ന് സ്പോർട്സ് & യൂത്ത് അഫയേഴ്സ് ഡയറക്ടർ രാകേഷ് ദാഹിയ അറിയിച്ചു.
സ്പോർട്സ് & യൂത്ത് അഫയേഴ്സ് വകുപ്പ് സാധ്യതാ പഠനം നടത്തുകയും കിൽത്താൻ ദ്വീപിൽ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സാദ്ധ്യത പരിശോധിക്കാനായി ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. കിലത്താൻ ദ്വീപ് ഈ മഹത്തായ കായികോത്സവം വിജയകരമായി സംഘടിപ്പിക്കാൻ മുഴുവൻ യോഗ്യതയും ഉള്ളതായി കമ്മിറ്റിയുടെ റിപ്പോർട്ട് സ്ഥിരീകരിച്ചു.
ഈ റിപ്പോർട്ട് അടിസ്ഥാനമാക്കി, 34-ആമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് കിൽത്താനിൽ നടത്താൻ തീരുമാനിച്ചതായി ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു. ഇതിനോടനുബന്ധിച്ച് GSSS അഗത്തി പ്രിൻസിപ്പലിനെ സ്കൂൾ ഗെയിംസ് മീറ്റ് ഫ്ലാഗ് GSSS കിൽത്താൻ പ്രിൻസിപ്പലിന് കൈമാറാൻ നിർദേശിച്ചു.