ലക്ഷദ്വീപിലെ ആരോഗ്യമേഖലയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എൻസിപി (എസ്.പി)

കവരത്തി: ലക്ഷദ്വീപിലെ ആരോഗ്യരംഗം കടുത്ത പ്രതിസന്ധിയിലാണെന്നും ആരോഗ്യസൗകര്യങ്ങളുടെ അഭാവം ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണെന്നും എൻസിപി (എസ്.പി) സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ ടി. പി. ആരോപിച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേശകനു നൽകിയ കത്തിൽ എൻസിപി (എസ്.പി) പാർട്ടി ആരോഗ്യ മേഖലയിലെ ഗുരുതര പ്രശ്‌നങ്ങളെക്കുറിച്ച് ഉന്നയിച്ചു. 

പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (പി.പി.പി) മോഡലിൽ പ്രവർത്തിച്ച അഞ്ചു ആശുപത്രികൾ മുൻപ് നിലവിലുണ്ടായിരുന്നെങ്കിലും ഇവ എല്ലാം അന്യായമായി അടച്ചുപൂട്ടിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഫാർമസികളും ആംബുലൻസ് സേവനവും കുറച്ചത്തോടെ മരുന്നുകളും അടിയന്തിര ചികിത്സാ സൗകര്യങ്ങളും ലഭ്യമല്ലാത്ത അവസ്ഥയാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. വിദഗ്ധ ഡോക്ടർമാരുടെ അഭാവം മൂലം ദ്വീപ് വാസികൾ ചെലവേറിയ ചികിത്സയ്ക്കായി വൻകരയിലേക്ക് യാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥയാണെന്നും ഇത് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ‘സൗജന്യ ആരോഗ്യ പരിരക്ഷ’ നയത്തോട് വിരോധമാണെന്നും അബ്ദുൽ ജബ്ബാർ കുറ്റപ്പെടുത്തി. കൂടാതെ, താഴ്ന്ന വരുമാനക്കാരായ ബി.പി.എൽ കുടുംബങ്ങൾക്ക് മുൻപ് ലഭിച്ചിരുന്ന മൂന്ന് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും നിർത്തലാക്കിയതും ജനങ്ങളുടെ സാമ്പത്തിക ഭാരം വർധിപ്പിച്ചിരിക്കുകയാണെന്ന് എൻസിപി (എസ്.പി) ആരോപിക്കുന്നു. 

2024 ഡിസംബർ 31 വരെ കരാർ പുതുക്കിയ 130 പാരാമെഡിക്കൽ ജീവനക്കാരുടെ സേവന കാലാവധി നീടുന്നത്തിൽ സർക്കാർ അനിശ്ചിതത്വം നിലനിറുത്തുന്നതും താൽക്കാലികമായി തുടരുന്ന ജീവനക്കാർക്ക് ജനുവരി 2025 മുതൽ ശമ്പളവേതനം നിഷേധിച്ചതും ഗുരുതരമായ അവഗണനയാണെന്ന് കത്തിൽ പറയുന്നു. ലക്ഷദ്വീപ് ആരോഗ്യവകുപ്പിലെ ജീവനക്കാർ രാജ്യത്തെ ഏറ്റവും കുറഞ്ഞ ശമ്പളമുള്ളവരാണെന്നും അതും കാലോചിതമായി നൽകുന്നില്ലെന്നും പാർട്ടി ആരോപിച്ചു. ആരോഗ്യരംഗം വീണ്ടെടുക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചതായി കത്തിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *