ഒരാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും അക്കൗണ്ട് ഉടമ അറിയാതെ ഏതെങ്കിലും രീതിയിൽ പണം നഷ്ടപ്പെട്ടാൽ ബാങ്ക് ഉത്തരവാദിയാണെന്ന് സുപ്രിം കോടതി ഉത്തരവായി. – ആസ്സാം സ്വദേശിയായ പല്ലവ് ഭൗമിക് എന്നയാൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ ഫയൽ ചെയ്ത കേസ്സിൽ അക്കൗണ്ട് ഉടമയ്ക്ക് അനുകൂലമായി ഉണ്ടായ ഗോഹട്ടി ഹൈക്കോടതിയുടെ വിധിക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രിം കോടതി യിൽ ഫയൽ ചെയ്ത അപ്പീലിലാണ് ഇപ്രകാരം ഉത്തരവിട്ടത്. ഏതെങ്കിലും രീതിയിലുള്ള തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാൽ അത് നൽകാൻ ബാങ്കിന് ഉത്തരവാദിത്വമില്ലെന്ന് ബാങ്ക് വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടാതെ മതിയായ സുരക്ഷിതത്വം ഒരുക്കേണ്ടത് ബാങ്കിൻ്റെ ഉത്തരവാദിത്വമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ബാങ്കിംഗ് റഗുലേഷൻ നിയമമനുസരിച്ചും,റിസർവ് ബാങ്കിൻ്റെ ചട്ടങ്ങൾ അനുസരിച്ചും, കൺസ്യുമർ പ്രൊട്ടക്ഷൻ നിയമം അനുസരിച്ചും ഉപഭോക്താവിൻ്റെ പണത്തിന് സംരക്ഷണം നൽകാൻ ബാങ്ക് ബാധ്യസ്ഥരാണെന്ന് കോടതി പറഞ്ഞു. തട്ടിപ്പ് തടയാൻ മതിയായ സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടത് ബാങ്കിൻ്റെ ഉത്തരവാദിത്വമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടാൽ ബാങ്ക് ഉത്തരവാദി – സുപ്രീം കോടതി
