തിരുവനന്തപുരം: ലക്ഷദ്വീപിലും കേരളത്തിലും അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് സമീപത്തായി ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ ചുഴലിക്കാറ്റ് രൂപം കൊണ്ടിരിക്കുന്നതാണ് മഴ മുന്നറിയിപ്പിന് കാരണം. ലക്ഷദ്വീപില്‍ മാര്‍ച്ച് പന്ത്രണ്ടിനും പതിമൂന്നിനും പലയിടത്തും കനത്ത ഇടിമിന്നല്‍ സാധ്യതയും പ്രവചിച്ചിട്ടുണ്ട്.
പശ്ചിമ ഭൂഖണ്ഡ ഇന്ത്യൻ മഹാസമുദ്രത്തിനും സമീപ മാലിദ്വീപിനുമുപരി 0.9 കിലോമീറ്റർ ഉയരത്തിൽ ചുഴലിക്കാറ്റ് ചക്രവാതം രൂപപ്പെട്ടിട്ടുണ്ട്. ഇന്നലെ കിഴക്കൻ കാറ്റിൽ രൂപപ്പെട്ടിരുന്ന താഴ്ന്ന മർദം ഇപ്പോൾ തമിഴ്നാട് തീരത്തിന് സമീപം സ്ഥിതി ചെയ്യുന്നു. കോമറിൻ മേഖലയിലും 5.8 കിലോമീറ്റർ ഉയരത്തിൽ ചുഴലിക്കാറ്റ് ചക്രവാതം നിലനിൽക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്ന് കടലാക്രമണം, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ചുഴലിക്കാറ്റ് രൂപപ്പെട്ടു; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
