ന്യൂഡൽഹി: ലക്ഷദ്വീപിലെ യാത്രാ കപ്പലുകൾ അനന്തമായി ഡോക്കിൽ തുടരുന്നത് യാത്രക്കാരും വ്യാപാരികളും കടുത്ത ബുദ്ധിമുട്ട് അനുഭവിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് എംപി അഡ്വ. ഹംദുള്ളാ സഈദ് ലോക്സഭയിൽ വ്യക്തമാക്കി. യാത്രക്കാരുടെയും ചരക്ക് നീക്കത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കാൻ കപ്പലുകൾ സർവീസ് നടത്തേണ്ടതുണ്ടെന്നും, അതിനായി കേന്ദ്രമന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി യാത്രാ കപ്പൽ സർവീസ് നടത്തിയിരുന്ന ബേപ്പൂർ തുറമുഖത്ത് നിന്ന് കപ്പൽ സർവീസ് വീണ്ടും ആരംഭിക്കണമെന്നും, അതിനായി കേന്ദ്രമന്ത്രാലയം നടപടികൾ കൈക്കൊള്ളണമെന്നുമാണ് എംപിയുടെ ആവശ്യം. ലോക്സഭയിൽ ചരക്ക് നീക്ക ബില്ലിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് എംപി ലക്ഷദ്വീപിലെ കപ്പൽ സർവീസ് സംബന്ധിച്ച വിഷയങ്ങൾ ഉന്നയിച്ചത്.
കപ്പലുകൾ സേവനം നിർത്തിയാലും ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ചെലവുകൾ ഉണ്ടായിരിക്കുമെന്നും, അതേസമയം സർവീസ് പുനരാരംഭിച്ചാൽ തുറമുഖ വകുപ്പിന് വരുമാനമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപ് കപ്പൽ സർവീസ് ബേപ്പൂർ, മംഗലാപുരം തുടങ്ങിയ തുറമുഖങ്ങളിലേക്ക് വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയും, അതിന് കേരള സർക്കാർ, ലക്ഷദ്വീപ് തുറമുഖ വകുപ്പ് എന്നിവരുമായുള്ള ആലോചനകൾ നടത്തണം എന്നും എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.