കവരത്തി: 1994-ലെ ലക്ഷദ്വീപ് പഞ്ചായത്തുകളുടെ ചട്ടപ്രകാരം, പഞ്ചായത്തുകളുടെ അധികാരം റദ്ദാക്കാനോ കൈമാറാനോ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ലന്ന് ലക്ഷദ്വീപ് ഐക്യവേദി ജോയിന്റ് കൺവീനർ ഹുസ്സുനുൽ ജംഹർ. പഞ്ചായത്ത് ഭരണത്തിൻ്റെ അടിസ്ഥാന നിയമങ്ങളായ 44-46 വകുപ്പുകൾ പഞ്ചായത്തുകൾക്ക് ഭരണചുമതലകൾ വ്യക്തമാക്കുന്നുണ്ടെന്നും, അതിനാൽ തിരഞ്ഞെടുക്കപ്പെട്ട ബോഡികളുടെ അംഗീകാരമില്ലാതെ പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമായി അസാധുവും ഭരണഘടനാ വിരുദ്ധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചായത്തുകളിൽ നിന്ന് അധികാരങ്ങൾ പിൻവലിച്ചതോടെ പൊതുജനാരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം, കാർഷിക സേവനങ്ങൾ എന്നിവ കാര്യക്ഷമതയില്ലാതെ പോകുകയാണെന്ന് ലക്ഷദ്വീപ് ഐക്യവേദി ആരോപിച്ചു. 4 വർഷത്തോളമായി പഞ്ചായത്തിലേക്കുള്ള കേന്ദ്രഫണ്ട് ലഭിക്കാത്തതും, 2021 മുതൽ വിവിധ വികസന മേഖലകളിലെ ചുമതലകൾ എടുത്തതിനാൽ ദ്വീപുകളിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്നു.
പഞ്ചായത്തുകളുടെ ഇടപെടൽ ഇല്ലാതായത് ദ്വീപ് നിവാസികളുടെ ഉപജീവനമാർഗങ്ങളെയും അവശ്യ സേവനങ്ങളെയും ബാധിക്കുന്നു. പ്രാദേശിക തീരുമാനം പഞ്ചായത്തുകളെ പൂർണ്ണമായി ഒഴിവാക്കി കൈകാര്യം ചെയ്യുന്നതിന് വ്യാപക വിമർശനം ഉയരുകയാണ്.
തിരഞ്ഞെടുക്കപ്പെട്ട ബോഡികളുടെ കൂടിയാലോചന കൂടാതെ പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമായി അസാധുവാണ്. അതിനാൽ, ഈ നടപടിക്കെതിരെ നിയമപോരാട്ടം തുടരും എന്നും ജംഹർ വ്യക്തമാക്കി. പഞ്ചായത്ത് സംവിധാനത്തിൻ്റെ പുനസ്ഥാപനം ആവശ്യപ്പെട്ട് സമരങ്ങൾ ശക്തമാക്കുമെന്ന് ലക്ഷദ്വീപ് ഐക്യവേദി മുന്നറിയിപ്പ് നൽകി.