രാജ്യത്തെ നിലവിലുള്ള അവസ്ഥയിൽ പ്രത്യേക പ്രാർഥന നടത്തണമെന്ന് മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്

ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലുള്ള അവസ്ഥയിൽ പ്രത്യേക പ്രാർഥന നടത്തണമെന്ന് ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്.

അഞ്ച് നേരമുള്ള നമസ്കാരങ്ങളിൽ നാസിലത്തിൻ്റെ (അത്യാഹിത സമയത്ത് നിർവഹിക്കാറുള്ള) പ്രാര്‍ഥനയും തറാവീഹിന് ( റമദാനിലെ പ്രത്യേക നമസ്കാരം) ശേഷം പ്രത്യേക പ്രാര്‍ഥനകളും നിർവഹിക്കാന്‍ ശ്രദ്ധിക്കണമെന്നും ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് പ്രസിഡൻ്റ് മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനിയും ജനറൽ സെക്രട്ടറി മൗലാനാ ഫസ്‌ലുർ റഹീം മുജദ്ദിദ്ദിയും അഭ്യർത്ഥിച്ചു.

‘രാജ്യത്ത് ഭരണഘടന അവഗണിക്കപ്പെടുകയാണ്. മസ്ജിദുകൾ തകർക്കപ്പെടുന്നു. മുസ്‌ലിം ഭവനങ്ങൾ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കപ്പെടുകയും വഖ്‌ഫ് സ്വത്തുക്കൾ കൈയ്യടക്കാൻ ഗൂഢാലോചനകൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങളിലേക്ക് ഭരണകൂടം തിരിഞ്ഞു നോക്കുന്നുപോലുമില്ല. മുസ്‌ലിം സമുദായം ഒറ്റപ്പെടുന്നതായി ആശങ്ക ശക്തമായിരിക്കുന്നു. കാരണം ഭരണകൂടം നീതി നൽകാൻ ആഗ്രഹിക്കുന്നില്ലെന്ന് മാത്രമല്ല അക്രമത്തിന് പിന്തുണ നൽകാനും വർദ്ധനവ് ഉണ്ടാക്കാനുമാണ് ആഗ്രഹിക്കുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ നാസിലത്തിന്റെ ഖുനൂത്ത് നിസ്കാരങ്ങളിൽ നിർവഹിക്കണമെന്ന് ഇസ്‌ലാമിക ശരീഅത്ത് നിർദേശിക്കുന്നു. പ്രവാചകനും ഖുനൂത്ത് നടത്തുകയുണ്ടായി. അതിനാല്‍ റമദാനിന്റെ ഈ നാളുകളിൽ നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനിയും മൗലാനാ ഫസ്‌ലുർ റഹീം മുജദ്ദിദ്ദിയും നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *