മെഡിക്കൽ ഡിപ്പാർട്ട്മെൻ്റ് ജീവനക്കാർ ദുരിതത്തിൽ

ലക്ഷദ്വീപ് മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ വിവിധ തസ്തികകളിൽ സേവനം അനുഷ്ഠിക്കുന്ന കോൺട്രാക്ട് ജീവനക്കാരുടെ വേതനം മാസങ്ങളായി ലഭിക്കാതെ മുടങ്ങിക്കിടക്കുന്നു. ഫാർമസിസ്റ്റ്, ലാബ് അറ്റൻഡന്റ്, വാർഡ് അറ്റൻഡന്റ്, എക്സ്-റേ ഡ്രൈവർമാർ തുടങ്ങി 100-ലധികം മെഡിക്കൽ സ്റ്റാഫുമാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. 

മറുനാടുകളിൽ ജോലി ചെയ്യുന്ന നിരവധി പേർക്ക് വാടക അടയ്ക്കാനോ, ദിവസേനയുള്ള ചെലവുകൾ വഹിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതിന് പിന്നാലെ റംസാൻ മാസവും പെരുന്നാളും എത്തിച്ചേർന്നതോടെ ജീവനക്കാർ അതീവ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്രയും കാലമായി പ്രശ്നം നിലനിൽക്കുമ്പോഴും ലക്ഷദ്വീപ് ഭരണകൂടവും ജനപ്രതിനിധികളും ഇതിനെക്കുറിച്ച് യാതൊരു ഇടപെടലും നടത്തുന്നില്ല എന്നാണ് ആക്ഷേപം. 


രാജ്യത്തെ സംസ്ഥാനങ്ങൾക്കായി കേന്ദ്രസർക്കാർ നഴ്‌സുമാരുടെ മിനിമം വേതനം ₹20,000 ആക്കാൻ നിർദ്ദേശിച്ചിരുന്നു എങ്കിലും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ ഇപ്പോഴും മിനിമം വേതനം ₹12,000 മാത്രമാണ് ലഭിക്കുന്നത്. ഇത് ഡ്യൂട്ടിയിലിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ അവകാശ ലംഘനമാണെന്നും അവർക്ക് നീതി ലഭ്യമാക്കാൻ ഭരണകൂടം അടിയന്തിര നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ്. 


മറ്റ് ദ്വീപുകളിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് മെഡിക്കൽ സ്റ്റാഫുകൾക്ക് വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടെങ്കിലും, വേതനം കിട്ടാതെ മാസങ്ങളായതിനാൽ പലരും വാടക അടയ്ക്കാൻ പോലും കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നു. ഇതിനിടെ റംസാൻ ആരംഭിക്കുമ്പോൾ തന്നെ ഈ സാമ്പത്തിക പ്രതിസന്ധി വലിയൊരു തലവേദനയാകുന്നു. നോമ്പിന് എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ഇവർ. വേഗത്തിൽ വേതനം വിതരണം ചെയ്യാൻ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്നും, ഈ അവകാശം അവർക്ക് കാലതാമസം കൂടാതെ ലഭ്യമാക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *