എറണാകുളം: എൻ എസ് യു ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി വർഷംതോറും സംഘടിപ്പിക്കുന്ന പിഎം സയീദ് അനുസ്മരണം സ്നേഹസ്മൃതി 2025 എറണാകുളം ലോട്ടസ് ക്ലബ്ബിൽ സംഘടിപ്പിച്ചു. കേരളത്തിലെ മുൻ പ്രതിപക്ഷ നേതാവും ആഭ്യന്തര വകുപ്പ് മന്ത്രിയും കോൺഗ്രസിന്റെ ദേശീയ നേതാവുമായ രമേശ് ചെന്നിത്തല ഉദ്ഘാടന കർമ്മം നിർവഹിച്ചു. പരിപാടിക്ക് എൻ എസ് യു ഐയുടെ സ്റ്റേറ്റ് പ്രസിഡൻറ് അജാസ് അക്ബർ അധ്യക്ഷത വഹിച്ചു. എറണാകുളത്തിൽ നിന്നുള്ള ലോകസഭാംഗം ഹൈബി ഈഡൻ, എറണാകുളം ഡിസ്ട്രിക്ട് കോൺഗ്രസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, എം എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി ഷിബു മീരാൻ സാഹിബ്, ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ എം കെ കോയ, കെ പി അഹമ്മദ് കോയ ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് എം അലി അക്ബർ, ലക്ഷദ്വീപ് ഫിഷർമാൻ കോൺഗ്രസ് പ്രസിഡൻറ് താഹാ മാളിക തുടങ്ങിയ ഒട്ടേറെ നേതാക്കന്മാർ പങ്കെടുത്തു. ലക്ഷദ്വീപിലെ പ്രമുഖ സാഹിത്യകാരൻ കെ. ബാഹിർ ചടങ്ങിൽ ആശംസ നേർന്ന് സംസാരിച്ചു.
ലക്ഷദ്വീപിലെ ഇന്നത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി നമുക്ക് കുറേ സമയം എടുക്കേണ്ടിവരും. ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നത് ബിജെപിയാണ്. അവിടെ കാര്യങ്ങൾ ഒന്നും നേരെ ചൊവ്വേ നേടിയെടുക്കുവാൻ സാധിക്കുകയില്ല. കോൺഗ്രസ് ഭരണം ഇന്ത്യയിൽ വരുമ്പോൾ മാത്രമേ, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി വരുമ്പോൾ മാത്രമേ നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ. അതുകൊണ്ട് കേന്ദ്രത്തിലും കേരളത്തിലും എല്ലാം കോൺഗ്രസ് ഗവർമെന്റ് വരുന്നതിനു വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം എന്ന് പറഞ്ഞ ലക്ഷദ്വീപ് എംപി ഹംദുള്ളാ സൈദിന്റെ പ്രസംഗം സോഷ്യൽ മീഡിയയിലും മറ്റും വിവാദമായി മാറിയിരിക്കുകയാണ്. ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ രമേശ് ചെന്നിത്തല ഹംദുള്ളാ സൈദിനോട് ഒരു ഉപദേശം നൽകുകയുണ്ടായി. ചിലപ്പോൾ അദ്ദേഹത്തിൻറെ പ്രസംഗം ശ്രവിച്ചത് കൊണ്ടാവാം ഇങ്ങനെയൊരു ഉപദേശം നൽകിയത്. അതായത് ഇത് പിഎം സയീദിന്റെ കാലമല്ല, അന്ന് രാഷ്ട്രീയത്തിൽ ഒരു പിഎം സൈദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, രാഷ്ട്രീയത്തിൽ ഒരു ദൈവം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഒരുപാട് ദൈവങ്ങളുള്ള കാലമാണ്. ഇന്നത്തെ ആൾക്കാർ വ്യത്യസ്തരാണ്, ഇന്നത്തെ നിയമം വ്യത്യസ്തമാണ്, ഇന്നത്തെ സമ്പ്രദായം വ്യത്യസ്തമാണ്, സാഹചര്യങ്ങളെല്ലാം വളരെ വ്യത്യാസപ്പെട്ടിട്ടുണ്ട്. അതെല്ലാം മനസ്സിലാക്കി സാഹചര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി പ്രവർത്തനങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട് എന്ന ഒരു ഉപദേശം നൽകികൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.