അഗത്തി: കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ് വാൻ അഗത്തി സന്ദർശിച്ചു. കേന്ദ്ര ബജറ്റ് 2025 ലെ പ്രധാന പ്രഖ്യാപനങ്ങളെക്കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്നതിനും പ്രാദേശിക ഭരണകൂടവുമായും പൗരന്മാരുമായും വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുമായിരുന്നു അദ്ദേഹം അഗത്തിയിൽ എത്തിയത്.
ലക്ഷദ്വീപിൽ തങ്ങിയപ്പോൾ ജില്ലാ ഭരണകൂടവും പാർട്ടി പ്രവർത്തകരും നാട്ടുകാരും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് മന്ത്രി നന്ദി അറിയിച്ചു.
മോദിജിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപിൻ്റെ വികസനം പുതിയ ഉയരങ്ങളിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കമലേഷ് പസ് വാൻ പറഞ്ഞു. ബജറ്റിൽ ഉൾപ്പെടുത്തിയ പ്രധാന പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു:
- സമുദ്രവിഭവങ്ങളുടെ സന്തുലിത വികസനം: ലക്ഷദ്വീപിലെ മത്സ്യബന്ധനം, സമുദ്ര ജൈവവൈവിധ്യം, കടൽ-ഭക്ഷണ കയറ്റുമതി എന്നിവ വർദ്ധിപ്പിക്കുന്നതിന് സർക്കാർ പ്രത്യേക നയം രൂപീകരിക്കും.
- സുസ്ഥിര മത്സ്യബന്ധനം: ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിച്ച് ഉയർന്ന വിലയുള്ള മത്സ്യ ഉൽപ്പാദനം പുതുയിരങ്ങളിലെത്തിക്കാൻ പദ്ധതിയുണ്ട്.
- മത്സ്യത്തൊഴിലാളികളും കർഷകരും: കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷം മുതൽ 5 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു, മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും എളുപ്പത്തിൽ വായ്പ ലഭ്യമാകും.
- സ്വയം തൊഴിലും സാമ്പത്തിക ശാക്തീകരണവും: ആദ്യമായി സംരംഭങ്ങൾ ആരംഭിക്കുന്ന 5 ലക്ഷം വനിതകൾക്കും എസ്.സി/എസ്.ടി സംരംഭകർക്കും ₹2 കോടി വരെയുള്ള വായ്പ ലഭ്യമാകും.
- ഡിജിറ്റൽ വിപ്ലവവും വിദ്യാഭ്യാസവും: ഭാരത് നെറ്റ് പദ്ധതിയിലൂടെ ഗ്രാമപ്രദേശങ്ങളിലെ എല്ലാ സെക്കൻഡറി സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും ബ്രോഡ്ബാൻഡുമായി ബന്ധിപ്പിക്കും.
- ഇടത്തരക്കാർക്ക് ആശ്വാസം: 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ആദായ നികുതിയിൽ നിന്ന് ഇളവ് നൽകും.
കേന്ദ്ര സർക്കാരിൻ്റെ ഈ ബജറ്റ് “സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ്, സബ്‌കാ പ്രയാസ്” എന്ന ദൃഢനിശ്ചയത്തിൻ്റെ തെളിവാണെന്നും ലക്ഷദ്വീപ് ഇന്ത്യയുടെ വികസന എഞ്ചിനാകുമെന്ന് കമലേഷ് പസ് വാൻ വ്യക്തമാക്കി.