കൊച്ചി: ചെത്ത്ലാത്ത് ദ്വീപിൽ നിന്ന് പോലീസ് കസ്റ്റഡിയിലിരിക്കെ കാണാതായ അബ്ദുറഹ്മാൻ്റെ തിരോധാന കേസിൽ സമഗ്ര അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് നിർദേശിച്ചു. അബ്ദുറഹ്മാൻ്റെ ഭാര്യയായ ആ ബിദയുടെ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിധി പ്രസ്താവിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ, ലക്ഷദ്വീപ് പോലീസ് സൂപ്പറിന്റൻറ്, ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർ നോർത്തേൺ ഐലൻഡ്സ് (അമിനി), ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ (ചേത്ത്ലത്ത്), സ്റ്റേഷൻ ഹൗസ് ഓഫിസർ (ചേത്ത്ലത്ത് പോലീസ് സ്റ്റേഷൻ) എന്നിവർക്ക് എതിരെ അന്വേഷണവുമായി ബന്ധപ്പെട്ട് അബ്ദുറഹ്മാൻ്റെ ഭാര്യ നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ എടുത്ത അബ്ദുറഹ്മാൻ 2024 സെപ്റ്റംബർ 10ന് കടലിൽ ചാടി കാണാതാവുകയായിരുന്നു. സെപ്റ്റംബർ 12, 2024-ന് ചേത്ത്ലത്ത് പോലീസ് കേസിൽ എഫ്.ഐ.ആർ (Crime No.4/2024) രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം ഫലപ്രദമായിരുന്നില്ല. അതിനാൽ ഫെബ്രുവരി 10, 2025-ന് കോടതി അന്വേഷണ ചുമതലയുള്ള എസ്.എച്ച്.ഓ.യെക്കാൾ മുതിർന്ന ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാൻ നിർദേശം നൽകി. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിനുള്ള ആവശ്യകതയും കോടതി അടയാളപ്പെടുത്തി.
ഹർജിക്കാരനു വേണ്ടി അഭിഭാഷകർ ആർ. റോഹിത്, പി. അജാസ് ഷബീർ, ഹരിഷ്മ പി. തമ്പി എന്നിവർ ഹാജരായി. ലക്ഷദ്വീപ് ഭരണകൂടത്തിനുവേണ്ടി അഭിഭാഷകൻ ആർ.വി. ശ്രീജിത്ത് ഹാജരായി.