കവരത്തി: Rule (56) പ്രകാരം ജീവനക്കാരെ പിരിച്ചുവിടാൻ കാണിക്കുന്ന ശുഷ്‌കാന്തി ജീവനക്കാരുടെ MACP, Promotion, ഒഴിഞ്ഞ തസ്‌തികകൾ നികത്തുക എന്നീ കാര്യങ്ങളിലും കാണിക്കണമെന്ന് എൽ.ജി.ഇ.യു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഒഴിവുകൾ മൂന്നുവർഷത്തിലേറെയായി നികത്താത്തത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ലക്ഷദ്വീപ് ഗവർമെന്റ് എംപ്ലോയീസ് യൂണിയൻ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ അംഗീകൃത തസ്തികകളിൽ 35% ഒഴിവുകളാണുള്ളത്. അതിനാൽ നിലവിലുള്ള ജീവനക്കാർക്ക് അമിതഭാരവും ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതക്കും തടസ്സവും ഉണ്ടാകുന്നതായി അഡ്മിനിസ്റ്റേറ്ററുടെ ഉപദേഷ്ടാവിന് നൽകിയ നിവേദനത്തിൽ എൽ.ജി.ഇ.യു ചൂണ്ടിക്കാട്ടി.
2022 ഒക്ടോബറിൽ കുറച്ച് എൽഡിസി/യുഡിസി തസ്തികകളിൽ നിയമനം നടന്നത് ഒഴിച്ചാൽ കഴിഞ്ഞ മൂന്ന് വർഷമായി ഒഴിവുകൾ നികത്താത്ത സാഹചര്യത്തിൽ അത്യാവശ്യമായ എൽഡിസി, യുഡിസി, സുപ്രണ്ടന്റ് തസ്തികകളിലേക്ക് നിയമനം നടത്തേണ്ടതുണ്ടെന്ന് യൂണിയൻ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പിൽ പ്രധാനമായ പി.എസ്.ടി, ടി.ജി.ടി, പി.ജി.ടി തസ്തികകളിലേക്കുള്ള നിയമനങ്ങൾ ഇല്ലാത്തതും അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ/ഹെഡ്മാസ്റ്റർ സ്ഥാനങ്ങളിൽ പ്രമോഷൻ അനുവദിക്കാത്തതും ഉദ്യോഗാർത്ഥികളുടെ ഭാവിയെ മോശമായി ബാധിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഹെൽത്ത്, ഇലക്ട്രിസിറ്റി, പോർട്ട്, ഷിപ്പിങ് & ഏവിയേഷൻ പോലെയുള്ള പൊതുസേവന മേഖലകളിൽ ആവശ്യമായ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇന്ത്യാ സർക്കാർ പലവട്ടം ഒഴിവുകൾ നിറയ്ക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഈ വിഷയത്തിൽ യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് യൂണിയൻ ആരോപിച്ചു.
ഈ സാഹചര്യത്തിൽ നിലവിലുള്ള ഒഴിവുകളും പ്രമോഷൻ സംവിധാനവും പരിഹരിക്കാതെ റൂൾ 56(j) നടപ്പാക്കുന്നത് ജീവനക്കാർക്കും യൂണിയനിനും വലിയ ആശങ്ക ഉണ്ടാക്കുന്നതായി ജനറൽ സെക്രട്ടറി എൻ എം റഹ്മത്തുള്ള വ്യക്തമാക്കി.