അമിനി: ലോക്സഭാ തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്യാൻ ലക്ഷദ്വീപിലേക്ക് പോയതിനെ തുടർന്ന് എഴുതാൻ കഴിയാതെ പോയ എംജി യൂണിവേഴ്സിറ്റി സെമസ്റ്റർ പരീക്ഷ വീണ്ടും പ്രത്യേകമായി വെച്ചു, ഒറ്റക്ക് പരീക്ഷയെഴുതി വിജയം കൈവരിച്ച് പുതു ചരിത്രം സൃഷ്ടിച്ച് മുബിൻ സംറൂദ്.
2024 ഏപ്രിൽ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ, കേരളത്തിലെ പല യൂണിവേഴ്സിറ്റികളിലും സെമസ്റ്റർ പരീക്ഷകൾ നടന്നിരുന്നു. എന്നാൽ, വോട്ടവകാശം ഉപയോഗപ്പെടുത്തുന്നതിനായി നിരവധി ദ്വീപ് വിദ്യാർത്ഥികൾ തങ്ങളുടെ പരീക്ഷകളിൽ പങ്കെടുത്തില്ല. എന്നാൽ, എൻ.എസ്.യൂ.ഐ ലക്ഷദ്വീപ് സംസ്ഥാന ഭാരവാഹിയുമായ അമിനി ദ്വീപ് സ്വദേശിയായ മുബിൻ സംറൂദ്, തന്റെ വോട്ടവകാശം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലും, തുടർന്നുണ്ടായ സമ്മർദങ്ങളും മൂലം എംജി യൂണിവേഴ്സിറ്റി, മൂന്നുമാസം കഴിഞ്ഞ് ജൂലൈയിൽ, ആദ്യമായി ഒരു വിദ്യാർത്ഥിക്ക് വേണ്ടി സെമസ്റ്റർ പരീക്ഷ പ്രത്യേകമായി വെക്കുകയായിരുന്നു. അങ്ങനെ, ചരിത്രത്തിലാദ്യമായി, ഇന്ദിരാഗാന്ധി കോളേജിൽ ഒറ്റക്ക് പരീക്ഷയെഴുതിയ മുബിൻ സംറൂദ് വിജയിച്ചതോടെ, ആ തീരുമാനം ശരിവച്ചു.
വിദ്യാർത്ഥി സമൂഹത്തിന് ഒരുപാട് പ്രചോദനമേകുന്ന മുബിൻ സംറൂദിൻ്റെ ഈ പ്രവർത്തനം, വോട്ടവകാശം ഒരു പൗരന്റെയും അവകാശമാണെന്ന സന്ദേശം വീണ്ടും ശക്തമാക്കുന്നു.