മത്സ്യത്തൊഴിലാളികൾക്കെതിരെയുണ്ടായ ഭരണകൂട അതിക്രമം അപലപനീയം – എ. മിസ്ബാഹ്

ചെത്ത്ലാത്ത്: കവരത്തി ദ്വീപിയിലെ മത്സ്യത്തൊഴിലാളികൾക്കെതിരെയുണ്ടായ ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ അതിക്രമം അപലപനീയമെന്ന് സാമൂഹ്യ പ്രവർത്തകനും മുൻ എ.എ.സി അംഗവുമായ എ മിസ്ബാഹ്. നിയമപാലകർ നിയമം ലംഘിക്കുകയും മദ്യത്തിനും മദിരാശിക്കും ലക്ഷദ്വീപിനെ വിട്ടുകൊടുക്കാനുള്ള പുറപ്പാടുമാണ് തലസ്ഥാനത്ത് കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് എ മിസ്ബാഹ് തൻ്റെ പ്രതികരണം പങ്കുവെച്ചത്.

മിസ്ബാഹിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

നിയമപാലകർ നിയമലംഘനം നടത്തിയ നേർക്കാഴ്‌ചയാണ് ഇന്നലെ തലസ്ഥാനദ്വീപിൽ കണ്ടത്. തീരദേശ നിയമത്തിൽ സംരക്ഷിക്കേണ്ടവരെ ബലം പ്രയോഗിച്ച് ആട്ടിയിറക്കി അവിടെ അന്യർക്ക് മദ്യത്തിനും മദിരാശിക്കും വിട്ടു കൊടുക്കാനുള്ള പുറപ്പാട്. ദ്വീപിലെ അംഗീകരിച്ച ടൂറിസം നയത്തിൽ ജനവാസം ചുരുങ്ങിയ പ്രദേശത്താണ് ടൂറിസ്‌റ്റ് റിസോർട്ട് അനുവദിക്കേണ്ടത്. എന്നാൽ കവരത്തിയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങി താമസിക്കുന്ന സ്ഥലത്ത് ആയിരക്കണക്കിന് പേർ പൊതു സ്ഥലമായി വിനിയോഗിക്കേണ്ട സ്ഥലത്ത് റിസോർട്ട് അനുവദിക്കുന്നത് നിയമവിരുദ്ധമാണ്.

1982 ൽ അവിടെ റിസോർട്ട് സ്ഥാപിച്ച നടപടി തന്നെ തെറ്റാണ്. കപ്പലിൽ താമസിച്ചു പകൽ മാത്രം ഇറങ്ങി കയറുന്ന തരത്തിൽ ആണ് അന്നു ഉദ്ദേശിച്ചത്. എന്നാൽ ഇപ്പോൾ പഞ്ചായത്ത് ജെട്ടിമുതൽ ഫിഷറീസ് ജെട്ടി വരേ റിസോർട്ട് അനുവദിക്കുന്നത് നിലവിലെ നിയമത്തിൽ അനുവദനീയമല്ല. മീൻപിടിത്തക്കാർക്ക് ആവശ്യത്തിന് സ്ഥലം സ്റ്റേജിനു തെക്ക് കൃത്യമായി അല്ലോട്ട് ചെയ്‌ത് അതിൽ മാസുണ്ടാക്കാൻ സൗകര്യവും ചെയ്‌ത്‌ കൊടുക്കാൻ സ്ഥലമില്ല എന്ന് അറിയാവുന്ന അധികാരികൾ ഇപ്പോൾ ചെയ്‌തത്‌ ശരിയല്ല. എല്ലാ അർഥത്തിലും അതിക്രമവും കോടതിക്ക് എതിരെയുള്ള വെല്ലുവിളി യും ആണ്.

എ. മിസ്ബാഹ്
Social worker and EX AAC member

Leave a Reply

Your email address will not be published. Required fields are marked *