കവരത്തി: ലക്ഷദ്വീപിൻ്റെ സംഘടനാ ചുമതലയുള്ള എ. ഐ.സി. സി.സെക്രട്ടറി ഹരിവഴകൻ വിവിധ ദ്വീപുകൾ സന്ദർശിച്ച് പ്രവർത്തകരോടും നേതാക്കളോടും ചർച്ച നടത്തിവരികയാണ്. ചില മുതിർന്ന നേതാക്കൾ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടെറിട്ടോറിയൽ കോൺഗ്രസ്സ് നേതാക്കളെ മറികടന്ന് യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റും എൻ.എസ്.യു.ഐ പ്രസിഡൻ്റും കാര്യങ്ങൾ നിയന്ത്രിക്കുന്നു എന്ന പരാതിയും ഉയർന്നിട്ടുണ്ട്.

മിക്ക ദ്വീപുകളിലും സന്ദർശിച്ച് പാർട്ടിയുടെ പ്രവർത്തനങ്ങൾ മനസിലാക്കിയാവും അദ്ദേഹം എ.ഐ.സി.സിക്ക് റിപ്പോർട്ട് സമർപ്പിക്കുക. സെക്രട്ടറിയുടെ സന്ദർശനത്തിനൊടുവിൽ എൽ.ടി.സി.സിയിൽ സമൂലമായ അഴിച്ച് പണിക്ക് സാധ്യതയുണ്ടെന്നാണ് വിശ്വസ്തമായ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ സാധിച്ചത്.